ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; പി.വി സിന്ധു പുറത്ത്; സായ് പ്രണീത് ക്വാര്‍ട്ടറില്‍
ഗ്വാങ്ചു: നിലവിലെ ലോക ചാംപ്യന്‍ പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിയോടെ മടക്കം. വനിതാ സിംഗിള്‍സിനു പുറമേ ഡബിള്‍സിലും ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചപ്പോള്‍ പുരുഷ സിംഗിള്‍സില്‍ മലയാളി സായ് പ്രണീത് ക്വാര്‍ട്ടറിലേക്ക് മുന്നേറി കരുത്തുകാട്ടി.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ പരാജയം. ലോക 15ാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ ചൊച്ചുവോങ് പോണ്‍പവിയോടാണ് കീഴടങ്ങിയത്. സ്‌കോര്‍ 21-12, 13-21, 19-21. ആദ്യ ഗെയിമില്‍ മികച്ച ആധിപത്യത്തോടെ മുന്നേറിയ സിന്ധുവിന് രണ്ടാം ഗെയിമിലെ പിഴവുകള്‍ വിനയായി. മൂന്നാം ഗെയിമില്‍ 19-15ന് മുന്നിലെത്തിയെങ്കിലും തുടര്‍ച്ചയായ ആറ് പോയിന്റുകള്‍ നേടി തായ് താരം സിന്ധുവിനെ അട്ടിമറിക്കുകയായിരുന്നു. നേരത്തേ ഇന്ത്യയുടെ മറ്റൊരു വനിതാ താരം സൈന നെഹ്‌വാള്‍ അട്ടിമറിയിലൂടെ പുറത്തായിരുന്നു.
അതേസമയം, ആദ്യ റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ താരം ഷി യുഖിയെ അട്ടിമറിച്ചെത്തിയ ആതിഥേയ താരം ഗ്വാങ്‌സു ലൂവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക 15ാം നമ്പര്‍ താരമായ പ്രണീത് പറഞ്ഞയച്ചത്. സ്‌കോര്‍ 21-19, 21-19. ഇക്കഴിഞ്ഞ തായ്‌ലന്‍ഡ് ഓപ്പണില്‍ പുരുഷ ഡബിള്‍സില്‍ കിരീടം ചൂടിയ സാത്വിക് സായ്‌രാജ് റാങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ സാത്വിക്- അശ്വിനി പൊന്നപ്പ സഖ്യവും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവുമാണ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."