ചാംപ്യന്‍സ് ലീഗ്; ഗതികിട്ടാതെ റയല്‍
.
പാരിസ്: റയല്‍ മാഡ്രിഡിനെ തരിപ്പണമാക്കി പി.എസ്.ജി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പി.എസ്.ജി റയലിനെ മുക്കിയത്. കളിയിലുടനീളം റയലിന് മേല്‍ വ്യക്തമായ ആധിപത്യം നേടാനും പി.എസ്.ജിക്ക് കഴിഞ്ഞു.
മുന്നേറ്റ താരങ്ങളായ നെയ്മര്‍, എംബാപ്പെ, കവാനി എന്നിവര്‍ ഇല്ലാതിരുന്നിട്ടും പി.എസ്. ജി വന്‍ ജയമാണ് സ്വന്തമാക്കിയത്. ഡി മരിയയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു പി. എസ്. ജി മികച്ച വിജയം സ്വന്തമാക്കിയത്. 14-ാം മിനുട്ടില്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഡി മരിയയുടെ സൂപ്പര്‍ ഗോള്‍ പിറന്നതോടെ റയല്‍ പതറി. ഇതോടെ പി.എസ്.ജിക്ക് ശക്തി കൂടി. ശക്തമായ പോരാട്ടത്തിനൊടുവില്‍ 33-ാം മിനുട്ടില്‍ ഡി ബോക്‌സിന് മുന്നില്‍ നിന്ന് ഡി മരിയയുടെ രണ്ടാം ഗോളും പിറന്നു. രണ്ട് ഗോള്‍ വഴങ്ങിയതോടെ റയല്‍ അപകടം മണത്തു.
ഒരു തവണ ബെയ്ല്‍ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഹാന്‍ഡ്‌ബോള്‍ വിളിക്കുകയായിരുന്നു. കൃത്യമായ പ്ലാനിങ്ങുമായി കളിച്ച പി.എസ്.ജി റയല്‍ മാഡ്രിഡിനെ വെള്ളം കുടിപ്പിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ വ്യക്തമായ ലീഡുമായി മടങ്ങിയ പി.എസ്.ജി രണ്ടാം പകുതിയില്‍ പുതിയ ഊര്‍ജവുമായി തിരിച്ചെത്തി. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള റയലിന്റെ ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. റയല്‍ മാഡ്രിഡ് താരങ്ങള്‍ പത്ത് ഷോട്ടുകള്‍ എടുത്തെങ്കിലും ഒന്നുപോലും വല ലക്ഷ്യമായി പാഞ്ഞില്ല. 91-ാം മിനുട്ടില്‍ തോമസ് മ്യുനിയറും ലക്ഷ്യം കണ്ടതോടെ മൂന്ന് ഗോളിന്റെ ആധികാരിക വിജയവുമായി പി.എസ്.ജി കളി അവസാനിച്ചു. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പരാജയം രുചിച്ചത് സിദാനും സംഘത്തിനും കനത്ത തിരിച്ചടിയായി.
കരുത്തുകാട്ടി സിറ്റി
ചാംപ്യന്‍സ് ലീഗിന്റെ ആദ്യ മത്സരത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മികച്ച ജയം. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സിറ്റി ഷാക്തറിനെ തകര്‍ത്തത്. റിയാദ് മെഹ്‌റസ് (24), ഗുണ്ടോഗന്‍ (38), ഗബ്രിയേല്‍ ജീസസ് (76) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. ഷാക്തറിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ സിറ്റി പതറിയെങ്കിലും പിന്നീട് മത്സരത്തിലേക്ക് തിരിച്ച് വരുകയായിരുന്നു. ആദ്യ ഗോള്‍ സ്വന്തമാക്കിയതോടെ സിറ്റി ഷാക്തറിന് മേല്‍ ആധിപത്യം നേടി. ഒരു ഷോട്ട് മാത്രമാണ് ഷാക്തര്‍ സിറ്റിയുടെ പോസ്റ്റിലേക്ക് തൊടുത്തത്. സിറ്റിക്ക് കാര്യമായ വെല്ലുവിളിയൊന്നും ഷാക്തര്‍ വരുത്തിയില്ല.
ടോട്ടനത്തെ കുരുക്കി
ഒളിംപിയാകോസ്
ടോട്ടനത്തിനെ സമനിലയില്‍ കുരുക്കി ഒളിംപിയാകോസ്. 2-2 എന്ന സ്‌കോറിനായിരുന്നു ടോട്ടനത്തെ സമനിലയില്‍ കുരുക്കിയത്. 26-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ല്‍ ലക്ഷ്യത്തിലെത്തിച്ചതോടെ ടോട്ടനം ഒരു ഗോളിന്റെ ലീഡ് നേടി. അധികം വൈകാതെ 30-ാം മിനുട്ടില്‍ ലൂക്കാസ് മോറയും ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. ഇതോടെ ടോട്ടനത്തിന് രണ്ട് ഗോളിന്റെ ലീഡ് ലഭിച്ചു. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പൊരുതിക്കളിച്ച ഒളിംപിയാകോസ് 44-ാം മിനുട്ടില്‍ ഡാനിയല്‍ പൊഡന്‍സിലൂടെ ഗോള്‍ തിരിച്ചടിച്ചു. ഇതോടെ ഒളിംപിയാകോസിന് ആത്മവിശ്വാസം വര്‍ധിച്ചു. ടോട്ടനം ഗോള്‍ മുഖത്തേക്ക് ഒളിംപിയ താരങ്ങള്‍ ഇരച്ചെത്തിക്കൊണ്ടിരുന്നു. ശക്തമായ മുന്നേറ്റത്തിനൊടുവില്‍ 54-ാം മിനുട്ടില്‍ ഒളിംപിയാകോസ് രണ്ടാം ഗോളും തിരിച്ചടിച്ചു. ഇതോടെ പരാജയത്തിന്റെ വക്കില്‍ നിന്ന് ഒളിംപിയാകോസ് സമനില പിടിച്ചുവാങ്ങി.
യുവന്റസ് - അത്‌ലറ്റികോ
ബലാബലം
അത്‌ലറ്റികോ മാഡ്രിഡും യുവന്റസും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്നലെ നടന്ന മത്സരങ്ങളിലെ ശക്തമായി മത്സരമായിരുന്നു ഇത്. 70-ാം മിനുട്ട് വരെ രണ്ട് ഗോളിന്റെ ലീഡുമായി കളിച്ച യുവന്റസ് ഒടുവില്‍ സമനില വഴങ്ങുകയായിരുന്നു. 48-ാം മിനുട്ടില്‍ കൊഡ്രാടോയുടെ ഗോളില്‍ യുവന്റസ് മുന്നിലെത്തി. ഇതോടെ മത്സരം കടുത്തു. രണ്ടാം പകുതിക്ക് ശേഷം ഫ്രഞ്ച് താരം മറ്റൗഡിയുടെ സൂപ്പര്‍ ഗോളിലൂടെ യുവന്റസ് രണ്ട് ഗോളിന്റെ വ്യക്തമായ ലീഡ് നേടി. ഗോള്‍ മടക്കുന്നതിനായി ജാവോ ഫെലിക്‌സും ഡിയഗോ കോസ്റ്റയും കിണഞ്ഞ് ശ്രമിച്ച് കൊണ്ടേയിരുന്നു. ഒടുവില്‍ 70-ാം മിനുട്ടില്‍ സ്റ്റീഫന്‍ സാവിച്ചിലൂടെ അത്‌ലറ്റികോ ഗോള്‍ മടക്കി. സമനിലക്കായി പൊരുതുന്നതിനിടെ 90-ാം മിനുട്ടില്‍ അത്‌ലറ്റികോ രണ്ടാം ഗോളും സ്വന്തമാക്കി. ഹെക്ടര്‍ ഹെരേരയായിരുന്നു അത്‌ലറ്റികോയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ മത്സരം സമനിലയിലാവുകയായിരുന്നു. അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്.
എതിരില്ലാതെ ബയേണ്‍
എതിരില്ലാത്ത മൂന്ന് ഗോളിന് ബയേണ്‍ മ്യൂണിക് ക്രവനയെ പരാജയപ്പെടുത്തി. തുടക്കം മുതല്‍ മികച്ച രീതിയില്‍ പന്ത് തട്ടിയ ബയേണിന്റെ അര്‍ഹിച്ച ജയം കൂടിയായിരുന്നു. 34-ാം മിനുട്ടില്‍ കിങ്‌സ്‌ലി കൊമാനായിരുന്നു ബയേണിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഗോള്‍ നേടുന്നതിന് ബയേണിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ബയേണ്‍ പ്രതിരോധം ഉറച്ച് നിന്നതോടെ ഒറ്റ ഷോട്ട് പോലും ഉതിര്‍ക്കാന്‍ ക്രവന താരങ്ങള്‍ക്കായില്ല. 80-ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്റോസ്‌കി, 91-ാം മിനുട്ടില്‍ തോമസ് മുള്ളര്‍ എന്നിവരാണ് ബയേണിന്റെ മറ്റു സ്‌കോറര്‍മാര്‍. ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം.
അറ്റ്‌ലാന്റയെ മുക്കി സഗ്രബ്
അറ്റ്‌ലാന്റയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമോ സഗ്രബ്. മിസ്‌ലേവ് ഒറിസിന്റെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഡൈനാമോ സഗ്രബിന്റെ വിജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലായിരുന്നു സഗ്രബ് വന്‍ ജയം സ്വന്തമാക്കിയത്. 10-ാം മിനുട്ടില്‍ മരിന്‍ ലൊവാകാണ് മറ്റൊരു ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് സിയില്‍ ഡൈനാമോ സഗ്രബായി ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
ഒന്നാമതെത്തി ലോകോമോട്ടീവ്
ബയറിനെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയതോടെ ലോകോ മോട്ടീവ് മോസ്‌കോ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഗ്രൂപ്പിലുള്ള യുവന്റസ്-അത്‌ലറ്റികോ മാഡ്രിഡ് മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ലോകോമോട്ടീവ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 16-ാം മിനുട്ടില്‍ ക്രകോവിച്ചാണ് ലോകോമോട്ടീവിന്റെ ആദ്യ ഗോള്‍ നേടിയത്. 37-ാം മിനുട്ടില്‍ ബാറിനോവും ലോകോമോട്ടീവിന് വേണ്ടി ഗോള്‍ നേടി. 25-ാം മിനുട്ടിലെ സെല്‍ഫ് ഗോളായിരുന്നു ബയറിന് ആശ്വാസമായത്. ഗ്രൂപ്പ് എയില്‍ നടന്ന ക്ലബ് ബ്രഗെ- ഗലത്സറെ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."