വനംവകുപ്പും കയ്യേറ്റക്കാരും തമ്മില്‍ ഒത്തുകളി
പാലക്കാട്: പറമ്പിക്കുളം കടുവസങ്കേതത്തിലേക്ക് വനഭൂമി കയ്യേറി റിസോര്‍ട്ട് മാഫിയ റോഡ് വെട്ടിയ സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തതില്‍ വനംവകുപ്പും കയ്യേറ്റക്കാരും തമ്മില്‍ ഒത്തുകളിച്ചു. കൊടും വനത്തില്‍ ആറുകിലോമീറ്റര്‍ ദൂരം മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ച് മരങ്ങള്‍ തന്നെ പിഴുതുമാറ്റി റോഡ് നിര്‍മിച്ച സംഭവത്തിലാണ് വളരെ ദുര്‍ബലമായ വകുപ്പ് ചാര്‍ത്തി കൊടുത്ത് പ്രതികളെ രക്ഷിക്കാന്‍ വനംവകുപ്പ് കൂട്ടുനില്‍ക്കുന്നത്. വനസംരക്ഷണ നിയമം 27 പ്രകാരം വനത്തില്‍ മണ്ണിളക്കിയെന്ന കേസാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസര്‍ പി. സതീശനാണ് പ്രതികള്‍ക്കെതിരേ ഈ വകുപ്പ് ചുമത്തി കേസെടുത്തത്. ഈ കേസ് പ്രകാരം കേസെടുത്ത റെയ്ഞ്ച് ഓഫിസര്‍ക്കു തന്നെ പ്രതികളെ ജാമ്യത്തില്‍ വിടാം. ചില പേപ്പറുകളില്‍ ഒപ്പിടണം എന്ന് മാത്രം. ഇന്നലെ അറസ്റ്റ് ചെയ്ത എല്ലാ പ്രതികളേയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയാണ് ചെയ്തത്. കേസില്‍ ഇനി പിടികിട്ടാനുള്ള മറ്റ് ആറ് പ്രതികള്‍ക്കും ഇനി ഏത് സമയത്തും വനം വകുപ്പ് ഓഫിസില്‍ പോയി ഒപ്പിട്ട് പോയാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് തുല്യമാകും.
വനംസംരക്ഷണ നിയമം 62 (ഡി) പ്രകാരം ജാമ്യം കിട്ടാത്ത കേസ് എടുക്കേണ്ടിടത്താണ് പ്രതികള്‍ക്കെതിരേ നിസാര വകുപ്പ് ചുമത്തി രക്ഷിക്കാന്‍ വനംവകുപ്പ് തന്നെ ശ്രമിക്കുന്നത്. വനത്തിന്റെ അതിരു മാറ്റുക, വനത്തിനകത്ത് റോഡ് നിര്‍മിക്കുക, മരങ്ങള്‍ മുറിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വനംസംരക്ഷണ നിയമം 62 (ഡി) പ്രകാരമാണ് കേസെടുക്കാറുള്ളത്. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്താല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടി വരും. പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടതും കോടതിയാണ്.
പറമ്പിക്കുളത്തേക്ക് ആറു കിലോമീറ്റര്‍ ദൂരം റോഡ് വെട്ടുകയും പലയിടത്തും നിലവിലുണ്ടായിരുന്ന വനപാത ആറു മീറ്ററിലേറെ വീതികൂട്ടുകയും ചെയ്തത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഇങ്ങിനെ ഒരു റോഡ് ആരും വെട്ടിയിട്ടില്ലെന്നും നിലവിലുള്ള പാതയില്‍ ചില അറ്റകുറ്റപണികള്‍ ചെയ്തതും വനംവകുപ്പ് തന്നെയായിരുന്നു എന്നായിരുന്നു നെന്‍മാറ ഡി.എഫ്.ഒയുടെ പ്രതികരണം. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും സംസ്ഥാന വനംവകുപ്പ് തലവന്‍ ഡോ. എസ്.സി ജോഷി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. കയ്യേറ്റമില്ലെന്ന നെന്മാറി ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളി സംഭവത്തെ ഗൗരവമായി കാണണമെന്ന് വനംവകുപ്പ് തലവന്‍ ഡോ. എസ്.സി ജോഷി പറഞ്ഞിരുന്നു
കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും റോഡ് നിര്‍മാണത്തിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മണ്ണുമാന്തിയന്ത്രം നാളിതുവരെയായിട്ടും കസ്റ്റഡിയിലെടുത്തിട്ടില്ല. നിസാരവകുപ്പ് പ്രകാരം കേസെടുത്ത് പ്രതികളെ രക്ഷിക്കാനും അവസരമൊരുക്കി. റോഡ് വെട്ടിയ സംഭവത്തില്‍ പെരിയച്ചോലയിലെ സ്ഥലമുടമകളായ കെ.വി. മധുസൂദനന്‍, പ്രശാന്ത്, വത്സകുമാര്‍, കറുപ്പന്‍, അറുമുഖസ്വാമി, സുമേഷ്‌കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ആകെ 12 പ്രതികളുള്ളതില്‍ ഇനിയും ആറുപേരെ പിടികിട്ടാനുണ്ട്. ഷാജി ചെറിയാന്‍, ജോണി ജോര്‍ജ്, അഭിലാഷ്, ജോബി.എം.പൊന്നാട്, പോളി ജോര്‍ജ്, അശോകന്‍ എന്നിവരെ പിടികിട്ടാനുണ്ട്.
എന്നാല്‍ വനഭൂമി കയ്യേറി മറ്റുള്ളവര്‍ക്ക് വ്യാജ ആധാരം വഴി വിറ്റു കൊണ്ടിരിക്കുന്ന ഒരു പ്രമുഖനും റോഡ് വെട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി നാട്ടുകാര്‍ മൊഴി കൊടുത്തിട്ടും അയാളെ കേസില്‍ നിന്ന് ഒഴിവാക്കിയാണ് മറ്റുള്ളവര്‍ക്ക് എതിരേ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."