ശബരിമലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ
പത്തനംതിട്ട/കൊച്ചി: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്ക് അഞ്ചിനു നട തുറക്കുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ആറിന് അര്‍ധരാത്രി വരെ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ പി.ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പഴുതടച്ചുള്ള സുരക്ഷാ മുന്നൊരുക്കമാണ് പൊലിസ് നടത്തുന്നത്.
വടശേരിക്കര മുതല്‍ സന്നിധാനം വരെ നാലു മേഖലകളായി തിരിച്ചു. ദക്ഷിണമേഖല എ.ഡി.ജി.പി അനില്‍കാന്ത് ഉള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥരും ഇന്നു മുതല്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. മാധ്യമങ്ങള്‍ക്ക് പൊലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടിനു മാത്രമേ നിലയ്ക്കലില്‍നിന്നു മാധ്യമങ്ങളെ കടത്തി വിടൂ.
അതേസമയം, ശബരിമല വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചു കോടതിയെ കരുവാക്കാന്‍ ശ്രമിക്കേണ്ടെന്നു ഹൈക്കോടതി. സന്നിധാനത്ത് തീര്‍ഥാടകരെ അഞ്ചു മിനുട്ടില്‍ കൂടുതല്‍ നില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പനമ്പള്ളി നഗര്‍ സ്വദേശി ജയകുമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
സന്നിധാനത്ത് തീര്‍ഥാടകരെ അഞ്ചു മിനുട്ടില്‍ കൂടുതല്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്ന വിവരം എവിടെനിന്നു ലഭിച്ചെന്നും തീര്‍ഥാടകര്‍ക്ക് 24 മണിക്കൂര്‍ തങ്ങാന്‍ അനുവദിക്കുമെന്നാണ് മനസിലാക്കിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.
ശബരിമലയില്‍ പന്തളം സ്വദേശി ശിവദാസന്‍ മരിച്ചതു സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. സംഘര്‍ഷമുണ്ടായ ദിവസങ്ങളിലല്ല ശിവദാസന്‍ തീര്‍ഥാടനത്തിനു പുറപ്പെട്ടതെന്നു പത്രവാര്‍ത്തകളുണ്ടെന്നു കോടതി വിലയിരുത്തി.
ശബരിമലയില്‍ കഴിഞ്ഞ 17 മുതല്‍ 24 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഹരജി കോടതി തള്ളി. മറ്റു ബന്ധപ്പെട്ട ഹരജികളോടൊപ്പം ഈ ഹരജിയും തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."