തലവര മാറി; തൊടുകാപ്പ് ഇനി വിനോദസഞ്ചാരികളുടെ പറുദീസ
കരിങ്കല്ലത്താണി: സ്ഥിരമായി മാലിന്യം തള്ളല്‍ കേന്ദ്രമായിരുന്ന തൊടുകാപ്പ് ഇനി അറിയപ്പെടുക ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പേരില്‍. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലൂടെ യാത്ര ചെയ്തിരുന്നവര്‍ തൊടുകാപ്പ് എത്തിയാല്‍ മൂക്കുപൊത്തുന്നത് പതിവായിരുന്നു.
പ്രദേശം വിജനമായതിനാല്‍ രാത്രികളിലും മറ്റുമാണ് മാലിന്യം തള്ളിയിരുന്നത്. ഇത് തടയാനായി താഴേക്കോട് ഗ്രാമപഞ്ചായത്തും തച്ചനാട്ടുകര പഞ്ചായത്തും മാറി മാറി ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. തുടര്‍ന്ന് 2014ലാണ് വനംവകുപ്പ് പ്രദേശത്ത് ഇക്കോ ടൂറിസം ആശയവുമായി മുന്നോട്ടെത്തുന്നത്.
തിരുവിഴാംകുന്ന് റേഞ്ചില്‍പെട്ട 29 ഏക്കര്‍ സ്ഥലത്താണ് ഇക്കോ ടൂറിസം പദ്ധതി ഒരുക്കിയത്. ജൂണ്‍ അഞ്ചിന് കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു. റോഡരികിലെ പാര്‍ക്കില്‍ ഫോട്ടോ ഗാലറിയോടെയുള്ള ഇന്റെര്‍പ്രെട്ടേഷന്‍ സെന്റര്‍, വനവിഭവ കേന്ദ്രം, കുടിവെള്ളം, ടോയ്ലറ്റ് സംവിധാനം, റിഫ്രഷ്മെന്റ് കേന്ദ്രം, വനംഭംഗി ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങള്‍ എന്നിവയാണ് നിലവില്‍ ഇവിടെയുള്ള സൗകര്യങ്ങള്‍.
കുട്ടികളുടെ പാര്‍ക്ക്, ഇക്കോ ടീഷോപ്പ്, വനത്തിനിടക്ക് ഏറുമാടങ്ങള്‍, ട്രക്കിങ് എന്നീ പദ്ധതികളും ഉടന്‍ നടപ്പാക്കും. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തനം. തിങ്കളാഴ്ചകളില്‍ അടച്ചിടും. പ്രദേശം ടൂറിസ്റ്റ് കേന്ദ്രമായതോടെ നാട്ടുകാരും സന്തോഷത്തിലാണ്. ഇനിയെങ്കിലും പ്രദേശത്തെ മാലിന്യം തള്ളല്‍ മാറുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."