മാലിന്യ നിര്‍മാര്‍ജനം കടുത്ത വെല്ലുവിളി; മന്ത്രി കെ.ടി. ജലീല്‍
തിരുവനന്തപുരം: സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യ നിര്‍മാര്‍ജനമാണെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍.
എവിടെ മാലിന്യസംസ്‌ക്കരണശാല സ്ഥാപിക്കാന്‍ ശ്രമിച്ചാലും അതിനെതിരെ ചെറുതും വലുതുമായ ജനകീയ പ്രക്ഷോഭങ്ങള്‍ തുടങ്ങാറാണ് പതിവെന്നും ഇത് ഭാവിയില്‍ കേരളത്തിന് വലിയ ബാധ്യതയായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശുചിത്വകേരളത്തിനായി മാധ്യമ പങ്കാളിത്തം എന്ന വിഷയത്തില്‍ സംസ്ഥാന ശുചിത്വമിഷന്‍ തിരുവനന്തപരുത്ത് സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇ-വേസ്റ്റ്, ഗ്ലാസ് വേസ്റ്റ് തുടങ്ങിയ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു സാധ്യതകള്‍ കണ്ടെത്തി അതിവേഗത്തില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണം.
ഇതിന് രാഷ്ട്രീയമോ മറ്റു വിഷയങ്ങളോ തടസ്സമാകാന്‍ പാടില്ലെന്നും മാലിന്യനിര്‍മാര്‍ജന വിഷയത്തില്‍ മുഖ്യമന്ത്രി വളരെ കണിശതയോടെയുള്ള ഇടപെടലുകളുമായി മുന്നോട്ട് പോവുകയാണെന്നും മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള വികസനോന്മുഖ കാഴ്ചപ്പാടുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ അധ്യക്ഷയായ ചടങ്ങില്‍ ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി.
മാധ്യമ പങ്കാളിത്തം ശുചിത്വ സാക്ഷാത്ക്കാരത്തിനായി എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകിയും വികസനോന്മുഖ ആശയവിനിമയം എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണനും സംസാരിച്ചു.
പ്രസ്‌ക്ലബ് സെക്രട്ടറി കെ.ആര്‍. അജയന്‍, കെ.യു.ഡബ്ല്യു.ജെ. പ്രസിഡന്റ് സി. റഹിം ആശംസാപ്രസംഗം നടത്തി. ഹരിതകേരള മിഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്പശാലയില്‍ മാധ്യമ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."