എ.ടി.എം കൊള്ള: പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റു ചെയ്യാനായില്ല
തൃശൂര്‍: കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എ.ടി.എം തകര്‍ത്ത് 35 ലക്ഷം രൂപ കൊള്ളയടിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റു ചെയ്യാനാകാതെ പൊലിസ്.
രാജസ്ഥാന് സ്വദേശികളായ അഞ്ചുപേരാണ് കൊള്ള നടത്തിയതെന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ പൊലിസ് കണ്ടെത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ പൊലിസ് പറയുന്നത്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന പൊലിസിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണം ഉണ്ടായിട്ടില്ല. ഇതാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ തടസമാകുന്നത്. കേരളത്തില്‍ നിന്നുള്ള പൊലിസ് സംഘം രാജസ്ഥാനില്‍ ക്യാംപ് ചെയ്യുകയാണ്.
പ്രതികളുടെ താമസ സ്ഥലം പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേ ഗ്രാമവാസികളായ പ്രതികള്‍ പ്രൊഫഷനല്‍ മോഷ്ടാക്കളാണ്. രാജസ്ഥാന് പൊലിസിന്റെ പൂര്‍ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമെ ഇവിടെ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയൂ. അഞ്ചംഗ സംഘത്തിലെ രണ്ടു പേര് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യം പൊലിസ് സ്ഥിരീകരിക്കുന്നില്ല.
പ്രതികളെ കണ്ടെത്തിയ കാര്യം മാത്രമാണ് പൊലിസ് സ്ഥിരീകരിക്കുന്നത്. രാജസ്ഥാന് സ്വദേശികളായ അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് സുപ്രഭാതം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."