തീര്‍ഥാടക പൈതൃക സര്‍ക്യൂട്ട് പദ്ധതി
തിരുവനന്തപുരം: തീര്‍ത്ഥാടക പൈതൃക സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം കുളങ്ങര ശ്രീരാമകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 5 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുക. തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം വിനോദ സഞ്ചാരികളെ ആഘര്‍ഷിക്കുന്ന തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടത്തിന്റെ ചിരകാലാഭിലാഷമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
വികസനപാതയില്‍ അതിവേഗം സഞ്ചരിക്കുമ്പോഴും വിനോദത്തിനും വിശ്രമത്തിനും പറ്റിയ സ്ഥലത്തിന്റെ അപര്യാപ്തത വലിയ കുറവായിരുന്നു.
കുളങ്ങരക്ഷേത്ര പരിസരത്തെ 2.5 ഏക്കറിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്രനിലവാരത്തിലുള്ള പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും നഗരത്തിന് പ്രാപ്യമാകുമെന്ന് കഴക്കൂട്ടം കൊട്ടാരപരിസരത്ത് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി അറിയിച്ചു.
ആംഫി തിയറ്ററും കലാപരിപാടികള്‍ നടത്താനുള്ള സംവിധാനവും ഒരുക്കും. അമ്പലപരിസരത്തെ കുളം നവീകരിച്ച് കുളത്തിന് ചുറ്റും നടപ്പാത നിര്‍മ്മിക്കും. സോളാര്‍ ലൈറ്റുകളാണ് ഇവിടെ സ്ഥാപിക്കുക. ആര്‍ക്കിടെക്ട് പത്മശ്രീ ജി.ശങ്കറാണ് രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്.
ശബരിമലയിലും ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളായ കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം, കഴക്കൂട്ടം കുളങ്ങര ക്ഷേത്രം, മണ്‍വിള സുബ്രഹ്മണ്യക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് 14 കോടി രൂപ ചെലവിലാണ് സര്‍ക്കാര്‍ ഈ പദ്ധതി ഒരുക്കുന്നത്.
കൂടാതെ സര്‍ക്യൂട്ടിനകത്ത് വരുന്ന മണ്‍വിള അയ്യങ്കാളി കോളനിയിലെ ക്ഷേത്രത്തിനോടനുബന്ധിച്ച് 80ലക്ഷത്തിന്റെ ഹാള്‍ നിര്‍മ്മിക്കും.
ചെമ്പഴന്തി ഗുരുകുലത്തില്‍ സെമിനാര്‍ ഹാളിനൊപ്പം ലൈബ്രറിയും സ്ഥാപിക്കും. ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും ആദ്യമായി കണ്ടുമുട്ടിയ അണിയൂര്‍ അമ്പലത്തിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കി അവിടെയുള്ള സ്മാരകം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതാണ്ട് മുന്നൂകോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തീര്‍ത്ഥാടന ടൂറിസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപ്പാക്കുന്ന 17 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് തീര്‍ത്ഥാടക പൈതൃക സര്‍ക്യൂട്ട് പദ്ധതി.
പദ്ധതിയുടെ ഭാഗമായി കോലത്തുകര ശിവക്ഷേത്രാങ്കണത്തില്‍ 2.39 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചിരുന്നു. യോഗത്തില്‍ മേയര്‍ വി.കെ പ്രശാന്ത്, ഹാബിറ്റാറ്റ് ചെയര്‍മാന്‍ പത്മശ്രീ ജി.ശങ്കര്‍, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."