പഞ്ചിങ്ങില്‍ വീഴ്ച വരുത്തിയവര്‍ കുടുങ്ങി; അവധിയാക്കി ശമ്പളം ഈടാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അടുത്തമാസം മുതല്‍ അനധികൃത അവധി കണക്കാക്കി പണം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഹാജര്‍ രേഖകള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍.
പഞ്ചിങ് സംവിധാനം നിലവില്‍ വന്നെങ്കിലും ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ഇത് ബന്ധിപ്പിച്ചിരുന്നില്ല. ഈ മാസമാണു നടപടികള്‍ കര്‍ശനമാക്കിയതും സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധിപ്പിച്ചതും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കര്‍ശനമാക്കിയ പഞ്ചിങിനെതിരേ ഇടതുപക്ഷം അടക്കം എല്ലാ സംഘടനകളും നിലപാടെടുത്തിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലടക്കം പ്രഖ്യാപിച്ച കാര്യം നടപ്പിലാക്കാന്‍ പൊതുഭരണ സെക്രട്ടറി തയാറാവുകയായിരുന്നു. പഞ്ചിങ് നടപ്പാക്കാന്‍ ഇതിനുമുന്‍പും സര്‍ക്കാരുകള്‍ ശ്രമിച്ചു പരാജയപ്പെട്ടതിനാല്‍ മിക്ക ജീവനക്കാരും നിര്‍ദേശങ്ങള്‍ കാര്യമായി എടുത്തില്ല.
അങ്ങനെയുള്ളവര്‍ക്കു പഞ്ചിങ് രേഖകള്‍ ശരിയാക്കണമെങ്കില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ഹാജര്‍ രേഖയും പരിശോധിക്കേണ്ട അവസ്ഥയാണ്.
രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ പ്രവൃത്തി സമയം. മാസം 300 മിനിറ്റാണു ഗ്രേസ്‌ടൈം. ദിവസം പരമാവധി 60 മിനിറ്റ് ഗ്രേസ് ടൈം മാത്രമേ ഉപയോഗിക്കാനാകൂ. ഗ്രേസ് ടൈം ബാലന്‍സ് സ്പാര്‍ക്കിലൂടെ ജീവനക്കാര്‍ക്കു കാണാം. ഹാഫ് ഡേ ജോലിക്കു ഗ്രേസ് ടൈം നല്‍കില്ല. മാസത്തില്‍ 10 മണിക്കൂറോ അതിലധികമോ അധികസമയം ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കു മാസത്തില്‍ ഒരു ദിവസം കോംപന്‍സേഷന്‍ ഓഫ് അനുവദിക്കും.
ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല. സെക്രട്ടേറിയറ്റില്‍ ശമ്പള ബില്‍ തയാറാക്കുന്നതു മുന്‍മാസം 16 മുതല്‍ പ്രസ്തുത മാസം 15 വരെയുള്ള ഹാജര്‍ കണക്കാക്കിയാണ്. ജീവനക്കാര്‍ ഓഫിസില്‍ വരുമ്പോഴും പോകുമ്പോഴും ഐഡി കാര്‍ഡ് മുഖേനയോ പെന്‍ നമ്പര്‍ രേഖപ്പെടുത്തിയോ ആണു പഞ്ചിങ് ഉപകരണത്തില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടത്.
തിരുവനന്തപുരം നഗരപരിധിയില്‍ താമസിക്കുന്ന ജീവനക്കാര്‍ പഞ്ചിങ് ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. രാവിലെ നടക്കാന്‍ പോകുമ്പോഴും കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോകുമ്പോഴും പഞ്ചിങ് ചെയ്യുന്നതായും അതുവഴി ഗ്രേസ് സമയം അടക്കം വാങ്ങി കോംപന്‍സേറ്ററി അവധി കൈക്കലാക്കുന്നതായും പരാതിയുണ്ട്.
ഇത്തരക്കാരെ കുടുക്കാന്‍ സെക്രട്ടേറിയറ്റ് വളപ്പിലും പഞ്ചിങ് പോയിന്റിലും സ്ഥാപിച്ചിട്ടുള്ള കാമറകളുടെ സഹായം തേടാനാണു ബിശ്വനാഥ് സിന്‍ഹയുടെ തീരുമാനം.
സ്പാര്‍ക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബറിനുള്ളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ് നടപ്പിലാക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. സ്പാര്‍ക്ക് ഇല്ലാത്ത ഓഫിസുകളില്‍ സ്വതന്ത്രമായി മെഷീനുകള്‍ വാങ്ങി ഹാജര്‍ നില പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."