മലയാളത്തില്‍ പി.എസ്.സി പരീക്ഷ: സാങ്കേതിക പദാവലി വിപുലീകരിക്കുന്നു
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാള മാധ്യമത്തിലും നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആര്‍.ടിയോട് നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുന്ന എല്ലാ വിജ്ഞാനശാഖകളിലും സാങ്കേതിക പദാവലി വികസിപ്പിക്കുന്ന പ്രവര്‍ത്തനം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എസ്.സി.ഇ.ആര്‍.ടി ഏറ്റെടുത്തിരുന്നു.
എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ ഹയര്‍ സെക്കന്‍ഡറിയിലെ എല്ലാ പാഠപുസ്തകങ്ങളുടെയും പരിഭാഷ എസ്.സി.ഇ.ആര്‍.ടി തയാറാക്കിയിട്ടുണ്ട്.
അതിന്റെ ഭാഗമായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ജോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫിലോസഫി എന്നീ വിഷയങ്ങളിലെ സാങ്കേതിക പദങ്ങള്‍ക്ക് മലയാളത്തില്‍ സമാന പദങ്ങള്‍ വികസിപ്പിക്കുകയുണ്ടായി.
കൂടാതെ ഇസ്‌ലാമിക് ഹിസ്റ്ററി, ഇലക്ട്രോണിക്‌സ്, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, ജേണലിസം, ഹോം സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി എന്നീ വിഷയങ്ങളുടെ സാങ്കേതിക പദാവലിയും എസ്.സി.ഇ.ആര്‍.ടി തയാറാക്കി വരുന്നു.
കൂടുതല്‍ സംവേദനക്ഷമവും സമഗ്രവുമായ പദാവലികളാണ് വികസിപ്പിച്ചുവരുന്നത്.
എസ്.സി.ഇ.ആര്‍.ടി തയാറാക്കുന്ന സാങ്കേതിക പദാവലി പൊതുജനാഭിപ്രായംകൂടി പരിഗണിച്ച് മെച്ചപ്പെടുത്തുന്നതിനാണ് എസ്.സി.ഇ.ആര്‍.ടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബിരുദതലത്തിലുള്ള ഉദ്യോഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗങ്ങള്‍ക്കുമുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മലയാളത്തില്‍കൂടി നല്‍കുന്നതിലൂടെ വൈജ്ഞാനികരംഗത്ത് ഭാഷയ്ക്ക് കൂടുതല്‍ സ്ഥാനം കൈവരും.
ഈ പ്രക്രിയ സുഗമമാക്കാന്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കുന്ന സാങ്കേതിക പദാവലി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സാങ്കേതിക പദങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതയും ലിപിമാറ്റി ഇംഗ്ലീഷ് പദങ്ങള്‍ എഴുതുന്നതിലെ അഭംഗിയും പരിഹരിക്കുന്ന വിധത്തിലുള്ള പദാവലിക്കാണ് എസ്.സി.ഇ.ആര്‍.ടി രൂപം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."