അദ്നാന് വഴി തെളിഞ്ഞു; ഉടന്‍ നാട്ടിലേക്ക് മടങ്ങും
ഷാര്‍ജ: ഒടുവില്‍ ഇന്ത്യന്‍ എംബസിയുടെ സഹായമെത്തി, അദ്നാന് നാട്ടിലേക്കു മടങ്ങാനൊരുങ്ങുകയാണ്. ജോലിസ്ഥലത്ത് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയായ അദ്നാന്റെ(26) ദയനീയ അവസ്ഥ വാര്‍ത്തകളിലൂടെ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു.
കൈയില്‍ പാസ്പോര്‍ട്ടോ ടിക്കറ്റോ ഇല്ലാതെ അബൂദബിയില്‍ കുടുങ്ങിക്കിടക്കുന്ന അദ്നാന്റെ അവസ്ഥ കഴിഞ്ഞ മാസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബന്ധപ്പെട്ടവരിലേക്ക് ഈ വാര്‍ത്ത എത്തിയതോടെ നടപടിയും വേഗത്തിലായി. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ നടപടിക്രമങ്ങളും അധികൃതരുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അദ്നാന്റെ ചികിത്സ സൗജന്യമായി ചെയ്തുനല്‍കിയത് ആസ്റ്റര്‍ ഹോസ്പിറ്റല്‍ അധികൃതരാണ്. എംബസി അധികൃതര്‍ ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൊണ്ടുപോയി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. നഷ്ടപ്പെട്ട പാസ്പോര്‍ട്ടിന് പകരം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും വിമാന ടിക്കറ്റും നല്കുമെന്നുംഅറിയിച്ചു.
സാമ്പത്തിക സഹായവും എംബസി അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ നാട്ടിലേക്ക് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്നാന് സുപ്രഭാതത്തോട് പറഞ്ഞു. ഓഗസ്റ്റില്‍ ജോലി സ്ഥലത്ത് കോണിയില്‍നിന്ന് വീണ അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ഇരുകാലുകളും ഒടിയുകയും ചെയ്തിരുന്നു.
ആദ്യം അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലും പിന്നീട് മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അഞ്ച് ശസ്ത്രക്രിയകള്‍ക്ക് അദ്നാന് വിധേയനായി. വാര്‍ത്ത വന്നതിന് ശേഷം ദുബൈ അല്‍ ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു അദ്നാനെ ചികിത്സിച്ചിരുന്നത്. ഇനിയൊരു ശസ്ത്രക്രിയ നാട്ടില്‍ വന്നതിനുശേഷം ചെയ്യാനാണുദ്ദേശിക്കുന്നത്.
കഴിഞ്ഞ ദിവസം അദ്നാന് ആശുപത്രി വിടുകയും ചെയ്തു. എംബിസിയിലെ അറിയിപ്പ് കിട്ടിയാലുടന്‍ അദ്നാന് നാട്ടിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."