കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് സമാന്തര സംഘടന വരുന്നു
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് സംസ്ഥാന തലത്തില്‍ സമാന്തര സംഘടന വരുന്നു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്തിന്റെ നേതൃത്വത്തിലാണ് സമാന്തര സംഘടനയ്ക്ക് രൂപം നല്‍കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സന്‍കോയ വിഭാഗവുമായി സഹകരിച്ചാണ് ടി. നസറുദ്ദീന്‍ വിഭാഗത്തിന് സമാന്തരമായി സംഘടന രൂപീകരിക്കുന്നത്. ശനിയാഴ്ച പാലക്കാട് ജോബീസ് മാളില്‍ പാലക്കാട് ജില്ലയിലെ വ്യാപാരികളും കൗണ്‍സിലര്‍മാരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന യോഗത്തിലാണ് പുതിയ സംഘടനക്ക് രൂപം നല്‍കുക.
തുടക്കത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ച് അടുത്ത മാസം കോഴിക്കോട്ട് നടക്കുന്ന ഹസ്സന്‍കോയ വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കാനാണ് നീക്കം. പാലക്കാടിന് പുറമെ സംസ്ഥാന, ജില്ലാ കമ്മിറ്റികളോട് വിയോജിച്ചും സഹകരിക്കാതെയും നില്‍ക്കുന്ന 10 ജില്ലകളില്‍ കൂടി ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും. ജില്ലയിലെ 20,000ത്തോളം വ്യാപാരികളെ പ്രതിനിധീകരിച്ച് 500 കൗണ്‍സിലര്‍മാരും 90 യൂനിറ്റുകളും മറ്റും പങ്കെടുക്കുമെന്ന് ജോബി വി. ചുങ്കത്ത് പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിഭാഗീയതയെ തുടര്‍ന്ന് രണ്ടു സമാന്തര ജില്ലാ കമ്മിറ്റികളായാണ് നേരത്തെ പാലക്കാട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നത്. സംസ്ഥാന കമ്മിറ്റിയുടെ ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് അടുത്ത കാലത്തായി രണ്ടു വിഭാഗവും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ജൂലൈ ആറിന് സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെട്ടിരുന്നു. 19 യൂനിറ്റുകള്‍ പ്രതിനിധാനം ചെയ്യുന്ന 80ഓളം കൗണ്‍സിലര്‍മാരെ പുറത്താക്കിയതായും വ്യാജരേഖ ചമച്ച് 50ഓളം പുതിയ കൗണ്‍സിലര്‍മാരെ ചേര്‍ത്തതായും കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതിനും ചെലവാക്കിയതിനും കണക്കില്ലെന്നുമൊക്കെ ജോബി ചുങ്കത്ത് വിഭാഗം ആരോപിച്ചതിനെ തുടര്‍ന്നാണ് അന്ന് തെരഞ്ഞെടുപ്പ് തടസപ്പെട്ടത്.
തുടര്‍ന്ന് മറ്റൊരു ദിവസം ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുമെന്നും അതുവരെ നിലവിലുള്ള ജില്ലാ ഭാരവാഹികള്‍ തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. പിന്നീട് സംസ്ഥാന നേതൃത്വം പാലക്കാട്ട് ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടന്നതായി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."