കൊട്ടിയൂര്‍ പീഡന കേസില്‍ വിചാരണ 28 മുതല്‍
തലശ്ശേരി: കൊട്ടിയൂര്‍ പീഡന കേസ് വിചാരണ 28 മുതല്‍ ആരംഭിക്കും. കേസില്‍ ഇന്നലെ വിചാരണ ആരംഭിക്കാനിരുന്നതായിരുന്നു. എന്നാല്‍, കോടതി നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം ഇന്നലെ കോടതിയില്‍ വാദം നടത്തി. അതിനിടെ പോക്സോ നിയമ പ്രകാരം കുറ്റപത്രം നല്കിയ ഇത്തരം കേസുകള്‍ ഒരുമാസത്തിനകം വിചാരണ ആരംഭിക്കണമെന്ന് നിയമമുണ്ടെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ജെ ജോണ്സണ് കോടതിയെ അറിയിച്ചു.
കുറ്റപത്രം നല്കി ഒരുമാസം കഴിഞ്ഞ കേസില്‍ മുന്‍ഗണനാ ക്രമം മറികടന്ന് വിചാരണാനടപടി ആരംഭിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്നു കേസ് പരിഗണിക്കുന്ന തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ശ്രീകലാ സുരേഷ് 28 മുതല്‍ കേസ് വിചാരണക്കെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോടതിയില്‍ ഉടന്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവും പ്രോസിക്യൂഷന് ഉന്നയിച്ചു. കേസില്‍ പ്രതികളായ 10 പേരും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."