പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ അന്വേഷണം അട്ടിമറിക്കുന്നതിനെതിരേ പ്രവാസി എന്‍ജിനീയര്‍
തിരുവനന്തപുരം: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് 10 മാസം കഴിഞ്ഞിട്ടും പി.വി അന്‍വര്‍ എം.എല്‍.എയുടെ മൊഴിപോലും എടുക്കാതെ അന്വേഷണം അട്ടിമറിക്കുന്നതായി പ്രവാസി എന്‍ജിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്തുകരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് പി.വി അന്‍വര്‍ 50 ലക്ഷം രൂപ വാങ്ങിയതെന്ന് സലീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പൊലിസ് ചുമത്തിയത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടും നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ച് അന്‍വറിനെ പൊലിസ് സംരക്ഷിക്കുകയാണ്. സി.പി.എം അനുഭാവിയായ സലീം അന്‍വറിന്റെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് 2017 ഫെബ്രുവരി 17ന് കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് കോടിയേരി എ. വിജയരാഘവനെയും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. എന്നാല്‍ പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കള്‍ കൈമലര്‍ത്തുകയായിരുന്നു. ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 21ന് മഞ്ചേരി പൊലിസ് പി.വി അന്‍വറിനെ പ്രതിയാക്കി കേസെടുത്തത്. 2015ലാണ് പി.വി അന്‍വര്‍ ഈ ക്രഷര്‍ സ്വന്തമാക്കിയത്. ഭൂമിയും ക്രഷറും സ്വന്തമാക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് 2012ല്‍ അന്‍വര്‍ പണം വാങ്ങിയിരുന്നെന്നും സലീം പറഞ്ഞു.
കേസെടുത്തപ്പോള്‍ സലീമിനെ അറിയില്ലെന്നായിരുന്നു പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ 10 ലക്ഷം രൂപ സലീമിന്റെ ചെക്കുവഴി അന്‍വര്‍ ബാങ്കിലൂടെ മാറ്റിയെടുത്തതിന്റെയും 2011 ഡിസംബര്‍ 30ന് മഞ്ചേരി പി.വി.ആര്‍ ഓഫിസില്‍ വച്ച് 30 ലക്ഷവും കരാറൊപ്പിട്ടപ്പോള്‍ ബാക്കി 10 ലക്ഷവും കൈമാറിയതിന്റെയും തെളിവുകള്‍ പൊലിസിനു കൈമാറി. തട്ടിപ്പു കേസ് സിവില്‍ കേസാക്കി മാറ്റാനും പൊലിസ് ഇതിനിടെ ശ്രമം നടത്തി. ഇതോടെ കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി 2018 നവംബര്‍ 13നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഡി.ജി.പി 2018 നവംബര്‍ 14ന് അന്വേഷണം ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കേസ് ഏറ്റെടുക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി തള്ളി ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ 2018 ഡിസംബര്‍ അഞ്ചിനു വീണ്ടും ഹൈക്കോടതി വിധിയുണ്ടായി. 10 മാസം കഴിഞ്ഞിട്ടും അന്‍വറിന്റെ മൊഴി രേഖപ്പെടുത്താനോ അറസ്റ്റ് ചെയ്യാനോ ക്രൈം ബ്രാഞ്ച് തയാറായിട്ടില്ലെന്നും സലീം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."