യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ ഇനി അന്വേഷണ കൗണ്ടറുകളില്ല
തിരുവനന്തപുരം: അര്‍ധരാത്രിയില്‍ പാതിമയക്കത്തിലെവിടെയോ ചെവിയില്‍ മുഴങ്ങിയ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് സ്റ്റാന്‍ഡിലെത്തിയ ബസിനെ ലക്ഷ്യമാക്കി ഉറക്കച്ചടവോടെയുള്ള ഓട്ടം... മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ കെ.എസ്. അര്‍.ടി. സി സ്റ്റാന്‍ഡുകളിലെ ഇത്തരം കാഴ്ചകള്‍ ഇനിയില്ല.
ചെലവു ചുരുക്കലിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡുകളിലെ അനൗണ്‍സ്‌മെന്റ് സംവിധാനവും വിവരാന്വേഷണ കൗണ്ടറുകളും നിര്‍ത്തുകയാണ് . സ്റ്റാന്‍ഡിലെത്തുന്ന ബസുകളില്‍ ബോര്‍ഡു നോക്കി കയറുകയല്ലാതെ, റൂട്ടടക്കമുള്ള വിവരങ്ങള്‍ മൈക്കിലൂടെ വിളിച്ചു പറയാന്‍ ഇനി ആരുമുണ്ടാവില്ല. ഇതോടൊപ്പം വിവരാന്വേഷണ കൗണ്ടറുകള്‍ക്കുമുന്നില്‍ ആകാംക്ഷാഭരിതരായുള്ള കാത്തുനില്‍പ്പും ഇല്ലാതാകും.
ഓരോ ബസ്റ്റാന്‍ഡുകളുടേയും അവിഭാജ്യ ഘടകമാണ് ബസുകളുടെ വരവുപോക്കുകള്‍ വിളിച്ചു പറയുന്ന അനൗണ്‍സ്‌മെന്റ് സംവിധാനം. സ്റ്റാന്‍ഡില്‍ നിന്ന് ബസ് പുറപ്പെടുന്ന സമയം, റിസര്‍വേഷന്‍ കൂപ്പണിന്റെ വിതരണം, ബസ് റൂട്ട് എന്നിവ കൃത്യമായി അറിയാന്‍ ഇത് ഉപകരിച്ചിരുന്നു. കാഴ്ചയില്ലാത്തവര്‍ അനൗണ്‍സ്‌മെന്റ് കേട്ടാണ് ബസുകളില്‍ കയറുന്നത്. ദീര്‍ഘ ദൂര ബസുകള്‍ സ്റ്റാന്‍ഡിലെത്തി വീണ്ടും യാത്ര തുടരുന്നത്‌വരെയും വേണ്ട വിവരങ്ങളും മൈക്കിലൂടെ നല്‍കിയിരുന്നു. ഇതൊക്കെ ഇനി ഓര്‍മയാകും.
അനൗണ്‍സ്‌മെന്റ് സംവിധാനത്തിനൊപ്പം അന്വേഷണ കൗണ്ടറുകളും ഇല്ലാതാകുന്നതാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ തിരിച്ചടിയാകുന്നത്. റിസര്‍വേഷന്‍ കൂപ്പണുകള്‍ വാങ്ങുന്നതിനും, ബസുകളുടെ സമയക്രമം അറിയുന്നതിനും വിവരാന്വേഷണ കൗണ്ടറുകള്‍ ഉപകരിച്ചിരുന്നു.
വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനകരമായിരുന്നു ഇത്. സാമ്പത്തിക ഭദ്രത വരുത്താന്‍ സര്‍വിസുകളും, ജീവനക്കാരെയും വെട്ടിക്കുറയ്ക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. സ്റ്റാന്‍ഡുകളിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍, മൈക്ക് ഓപ്പറേറ്റിങ് സംവിധാനം, വിവരങ്ങള്‍ കൈമാറല്‍ എന്നിവയാണ് പൂര്‍ണമായും നിര്‍ത്തുന്നത്. പകരമായി സെക്ടര്‍ സംവിധാനത്തിനു കീഴില്‍ ബസ് സ്റ്റേഷനുകളെ കൊണ്ടു വരികയും ഒരു ഓഫിസറെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്യുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."