'26 വയസായി, ഇനി പി.എസ്.സി പഠിച്ചെഴുതിയാല്‍ ജയിക്കില്ല'
തിരുവനന്തപുരം: 26 വയസായി, ഇനിയും വൈകിയാല്‍ പൊലിസില്‍ ജോലി ലഭിക്കില്ലെന്നും പഠിച്ചെഴുതിയാല്‍ ജയിക്കില്ലെന്നും ഉറപ്പുള്ളതിനാലാണ് തട്ടിപ്പിനേക്കുറിച്ച് ആലോചിക്കാന്‍ കാരണമെന്ന് പി.എസ്.സി പരീക്ഷാ തട്ടിപ്പിലെ മുഖ്യപ്രതി യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ മുന്‍ യൂനിറ്റ് കമ്മിറ്റി അംഗവും പി.എസ്.സി പട്ടികയിലെ രണ്ടാം റാങ്കുകാരനുമായ പി.പി പ്രണവ് ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.
ശിവരഞ്ജിത്തിന്റെ കൈവശം സ്മാര്‍ട് വാച്ച് ഉണ്ടായിരുന്നതിനാല്‍ അതുപയോഗിച്ച് തട്ടിപ്പ് ആസൂത്രണം ചെയ്തെന്നും പ്രണവ് വ്യക്തമാക്കി. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ത്തിയതിലും ഉത്തരങ്ങള്‍ പറഞ്ഞു നല്‍കിയതിലും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും പ്രണവ് സമ്മതിച്ചു. എന്നാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പ്രണവ് തയാറായില്ല. ക്രൈംബ്രഞ്ച് കസ്റ്റഡിയിലുള്ള പ്രണവിനെ പങ്കാളികളുടെ പേര് വെളിപ്പെടുത്താന്‍ തയാറാകാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനാണ് ക്രൈംബ്രഞ്ചിന്റെ തീരുമാനം.
അതേസമയം, പി.എസ്.സിയുടെ ബറ്റാലിയന് പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്താനായി യൂനിവേഴ്സിറ്റി കോളജിലെ പരീക്ഷാഹാളില്‍നിന്ന് ചോദ്യപേപ്പര്‍ പുറത്തെത്തിച്ച് നല്കിയ യുവാവിനായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പ്രണവിന്റെ സുഹൃത്തായ യുവാവിനായാണ് ക്രൈംബ്രാഞ്ച് തിരച്ചില്‍ തുടങ്ങിയത്. പരീക്ഷാ ക്രമക്കേടില്‍ തന്റെ പങ്ക് പുറത്തായെന്ന് വ്യക്തമായതോടെ ഒളിവില്‍പോയ ഇയാളെ കണ്ടെത്താന്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി.
പരീക്ഷയില്‍ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്.എ.പി ക്യാംപിലെ പൊലിസുകാരന് ഗോകുല്‍ ഇയാളെപ്പറ്റി വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.
മുഖ്യപ്രതിയായ പ്രണവിനെ ചോദ്യം ചെയ്ത് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷമാണ് ഇയാളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായ യാതൊരു സൂചനകളും അന്വേഷണ സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല. യൂനിവേഴ്സിറ്റി കോളജില്‍ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരുടെയെങ്കിലും സഹായം തട്ടിപ്പിന് ലഭിച്ചിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."