ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണം
ന്യൂഡല്‍ഹി: ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രിംകോടതി.
ജസ്റ്റിസ് മാധന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ശബരിമല മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് മാത്രമേ നിര്‍മാണം പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. ശബരിമലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടയാന്‍ കോടതി തയാറായില്ല.
അനധികൃത നിര്‍മാണങ്ങള്‍ അറ്റുകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി, നിയമവിധേയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യാതിരുന്നത് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളെ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ജില്ലാ കലക്ടറും കണ്ടെത്തണം. ഇതിനിടെ കണ്ടെത്തുന്ന അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണം.
നിലയ്ക്കല്‍ അടക്കമുള്ള സ്ഥലങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഇപ്പോള്‍ നിര്‍മാണവും അറ്റകുറ്റപ്പണികളും തടഞ്ഞാല്‍ മണ്ഡലകാലത്തെ ശബരിമല സന്ദര്‍ശനം പ്രതിസന്ധിയിലാകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രിംകോടതി മുഖവിലക്കെടുക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ വാദം പരിഗണിച്ചാണ് ശബരിമലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടഞ്ഞുള്ള ഉത്തരവ് കോടതി ഇറക്കാതിരുന്നത്.
ശബരിമലയില്‍ വലിയ നിയമലംഘനങ്ങളാണ് നടക്കുന്നതെന്ന് ഉന്നതാധികാരസമിതിയും ഹരജിക്കാരും ചൂണ്ടിക്കാട്ടിയെങ്കിലും കാര്യമായ നിയമവിരുദ്ധനിര്‍മാണങ്ങള്‍ നടന്നില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടായാല്‍ അത് തീര്‍ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ദേവസ്വം ബോര്‍ഡും വാദിച്ചു.
പ്രളയത്തില്‍ തകര്‍ന്നവയും അല്ലാത്തവയും ഉള്‍പ്പെടെയുള്ള നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിലും അറ്റകുറ്റപ്പണി തുടരാം. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമവിരുദ്ധ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാമെന്നാണ് കോടതിയെ സര്‍ക്കാര്‍ അറിയിച്ചത്.
ശബരിമലയില്‍ മാസ്റ്റര്‍പ്ലാന്‍ മറികടന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും അതിനാല്‍ എല്ലാ നിര്‍മാണവും നിര്‍ത്തിവയ്ക്കണമെന്നും ശുപാര്‍ശ ചെയ്താണ് സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, കുടിവെള്ള വിതരണം, ശൗചാലയ നിര്‍മാണം എന്നിവ മാത്രമേ അനുവദിക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
ശബരിമലയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പ്രദേശത്തെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ പഠിക്കാനായി അമര്‍നാഥ് ഷെട്ടിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതി രൂപീകരിച്ചത്. രണ്ടാഴ്ചയായി പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനുശേഷമാണ് ഉന്നതാധികാര സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."