വിവാദ ട്വിറ്റര്‍ പോസ്റ്റ്: കുമ്മനം മൊഴിനല്‍കി
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിലെ ആര്.എസ്.എസ് മണ്ഡലം കാര്യവാഹഗ് ചൂരക്കാട്ടെ ബിജു കൊല്ലപ്പെട്ടതിനു പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നുവെന്ന പേരില്‍ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പൊലിസിനു മൊഴിനല്‍കി.
സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് നല്കിയ പരാതിയില്‍ കുമ്മനത്തിനെതിരേ ടൗണ്‍ പൊലിസ് കേസെടുത്തിരുന്നു. സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചതിനാണു കേസ്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താനും കലാപം സൃഷ്ടിക്കാനുമായി ബോധപൂര്‍വം ശ്രമിച്ചുവെന്നതിന് ഐ.പി.സി 153 പ്രകാരമായിരുന്നു കേസെടുത്തത്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാനല്ല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതെന്നു ടൗണ്‍ സി.ഐ ടി.കെ രത്നകുമാറിനു കുമ്മനം മൊഴിനല്‍കി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആഹ്ലാദ പ്രകടന വീഡിയോയുടെ ആധികാരികത പൊലിസും പരിശോധിക്കണം. തനിക്കു പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നിന്ന് അയച്ചു തന്നതാണെന്നും കുമ്മനം വ്യക്തമാക്കി. ബിജു വധത്തിനു പിന്നാലെ പാപ്പിനിശ്ശേരില്‍ കമ്യൂണിസ്റ്റുകാര്‍ ആഹ്ലാദ പ്രകടനം നടത്തുന്നുവെന്ന കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."