തച്ചങ്കരി രഹസ്യ ഫയലുകള്‍ കടത്തിയെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി അതീവ രഹസ്യ ഫയലുകള്‍ സൂക്ഷിക്കുന്ന ടി ബ്രാഞ്ചില്‍ നിന്നു ഫയലുകള്‍ കടത്തിയെന്ന് ആരോപിച്ച് സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസിന് റിപ്പോര്‍ട്ട് നല്‍കി. തച്ചങ്കരിയെ സര്‍വിസില്‍ നിന്നു പിരിച്ചുവിടാനുള്ള തെളിവുകള്‍ അടങ്ങിയ ഫയലുകളാണ് ടി ബ്രാഞ്ചില്‍ നിന്നു അപ്രത്യക്ഷമായിരിക്കുന്നതെന്നാണ് സെന്‍കുമാറിന്റെ ആരോപണം. തച്ചങ്കരിക്കെതിരേ ഗുരുതര ആരോപണമുണ്ടായിരുന്ന ഫയലുകളാണ് കടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി ബ്രാഞ്ചില്‍ നിന്ന് സൂപ്രണ്ട് ബീനയെ സെന്‍കുമാര്‍ സ്ഥലം മാറ്റിയിരുന്നെങ്കിലും ഉത്തരവ് അംഗീകരിക്കാതെ തച്ചങ്കരിയുടെ നിര്‍ദേശ പ്രകാരം ബീന അതേ സെക്ഷനില്‍ തന്നെ തുടരുകയായിരുന്നു. തച്ചങ്കരി ഈ സെക്ഷനില്‍ നിന്നാണ് ബീനയുടെ സഹായത്തോടെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കേസുകളുടെ ഫയലുകള്‍ കടത്തിയതെന്നും സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ സെന്‍കുമാര്‍ ടി ബ്രാഞ്ചില്‍ നിന്നു കടത്തിയെന്ന് ആരോപിച്ച് തച്ചങ്കരി പരാതി നല്‍കിയതിന് പിന്നാലെയാണ് സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന തച്ചങ്കരിയുടെ പരാതിയില്‍ ചീഫ് സെക്രട്ടറി ചോദിച്ച വിശദീകരണത്തിന് സെന്‍കുമാര്‍ ഇന്നലെ മറുപടി നല്‍കി. തച്ചങ്കരിയെ കൈയേറ്റം ചെയ്തില്ലെന്നും പൊലിസ് മേധാവി അറിയാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഈ വിഷയത്തില്‍ തച്ചങ്കരിയെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സെന്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."