പൊലിസ് ആസ്ഥാനത്തെ ചേരിപ്പോര് ലജ്ജാവഹം
സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി സ്ഥാനത്ത് തിരികെയെത്തിയ ടി.പി സെന്‍കുമാറിനെതിരേ സര്‍ക്കാര്‍ പകപോക്കല്‍ നടപടികളുമായി മുന്നോട്ടുപോവുകയാണ്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉയര്‍ന്ന ഒരു പൊലിസ് ഓഫീസറോട് ഭരണകൂടത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പീഡനങ്ങളാണ് സെന്‍കുമാറിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് തിരികെ എടുക്കാന്‍ സുപ്രിംകോടതി വിധി പ്രസ്താവിച്ചിട്ടും വിധിയില്‍ വ്യക്തതവരുത്താന്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ച് ശകാരം ഏറ്റുവാങ്ങിയതിലെ അരിശമാണ് ഡി.ജി.പിക്ക് മേല്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് തീര്‍ത്തും അപരിഷ്‌കൃതവും ലജ്ജാവഹവുമായ പ്രവര്‍ത്തനമാണ്. എല്ലാം ശരിയാക്കാന്‍ വന്ന ഒരു സര്‍ക്കാരിന് ഒട്ടും ഭൂഷണവുമല്ല.
അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും അവിടെ തീര്‍പ്പാക്കാനുള്ള ഫയലുകള്‍ ഉടന്‍ കൈമാറണമെന്നും ടി.പി സെന്‍കുമാര്‍ ഉത്തരവിട്ടപ്പോള്‍ അതിനെതിരേ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡി.ജി.പി ടോമിന്‍ തച്ചങ്കരി ആഭ്യന്തര സെക്രട്ടറിക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയെന്നും ജോലിയില്‍ നിന്നു പിരിച്ചുവിടുമെന്നും കാണിച്ച് നേരത്തെ തന്നെ തച്ചങ്കരി ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് സെന്‍കുമാറിനെതിരേ പരാതി നല്‍കിയതാണ്. ഇതിനിടയിലാണ് സെന്‍കുമാറിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായ ഗ്രേഡ് എ.എസ്.ഐ അനില്‍കുമാറിനെ അടിയന്തരമായി തിരികെ അദ്ദേഹത്തിന്റെ മാതൃ യൂണിറ്റിലേക്ക് അയക്കാന്‍ ആഭ്യന്തരവകുപ്പ് സെന്‍കുമാറിന് അന്ത്യശാസന നല്‍കിയത്. ചുരുക്കത്തില്‍ മുള്ളിന്‍ പലകയില്‍ ഇരിക്കുന്നതുപോലെയാണ് ഡി.ജി.പി കസേരയില്‍ സെന്‍കുമാര്‍ ഇപ്പോള്‍ ഇരിക്കുന്നത്.
സത്യസന്ധവും പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്തവരുമായ ഉദ്യോഗസ്ഥരെ പുകച്ച് പുറത്തു ചാടിക്കുകയോ ചൊല്‍പടിക്ക് നിര്‍ത്തുകയോ ചെയ്യുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും ശൈലിയായി മാറിയിരിക്കുന്നു. ഇതിനുവേണ്ടി ഏറാന്‍മൂളികളായ കുറേ കാക്കിധാരികളെ ഏതൊരു സര്‍ക്കാരും പാര്‍ശ്വവര്‍ത്തികളായി നിര്‍ത്തുകയും ചെയ്യുന്നു. ഇത്തരമൊരു ചീഞ്ഞ കാലത്ത് എങ്ങനെയാണ് എല്ലാം ശരിയാവുക. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് ജോലി ചെയ്യുക. നേരത്തെ തന്നെ വിവാദ നായകനാണ് ടോമിന്‍ തച്ചങ്കരി. കോടതിയില്‍ തച്ചങ്കരിക്കെതിരേ കേസുകളും നിലവിലുണ്ട്. വിദേശത്തുനിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുവന്നതിലും കേസുണ്ട്. പൊലിസിന്റെ ആസ്ഥാനമന്ദിരത്തില്‍ ഈ പൊലിസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ പ്രതിഷ്ഠിച്ചത് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചതു പോലെ ഡി.ജി.പി സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ വേണ്ടി തന്നെയാണോ.
പൊലിസ് ആസ്ഥാനത്തെ ബ്രൗണ്‍ പെയ്ന്റ് വിവാദത്തില്‍ നിന്നാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന ചേരിപ്പോരിന്റെ തുടക്കം. തുടര്‍ന്ന് പൊലിസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍നിന്നു ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റി സെന്‍കുമാര്‍ ഉത്തരവിട്ടെങ്കിലും ബീനക്ക് സ്ഥാനചലനമൊന്നും സംഭവിച്ചില്ല. ഭരണത്തിന്റെ പിന്‍ബലത്തോടെ അവരിപ്പോഴും അവിടെത്തന്നെ തുടരുന്നു.
സ്ഥലം മാറ്റത്തിനെതിരേ ബീന ആഭ്യന്തരസെക്രട്ടറിക്കും ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അവരിപ്പോഴും സെന്‍കുമാറിനെ വെല്ലുവിളിച്ചുകൊണ്ട് തല്‍സ്ഥാനത്ത് തുടരുന്നത്. സര്‍ക്കാറിന് ടി.പി സെന്‍കുമാറിനോടുള്ള അരിശം തീര്‍ക്കല്‍ സംസ്ഥാന പൊലിസിന്റെ മൊത്തത്തിലുള്ള അച്ചടക്കത്തെയാണ് ബാധിച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം. ഒരു കീഴുദ്യോഗസ്ഥനെതിരെ മേലുദ്യോഗസ്ഥന് നടപടിയെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ പൊലിസ് സംവിധാനത്തിന്റെ അച്ചടക്കമാണ് തകരുന്നത്. ക്രമസമാധാന തകര്‍ച്ചക്കും ഇത് കാരണമാകും. മേലുദ്യോഗസ്ഥനെതിരേ കീഴ് ജീവനക്കാരന്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയാല്‍ അതിന്മേല്‍ അന്വേഷണം നടത്താതെ നടപടിയെടുക്കുന്നത് ഭരണസിരാകേന്ദ്രത്തിന്റെ കെടുകാര്യസ്ഥതയിലാണ് അവസാനിക്കുക.
നളിനി നെറ്റോയും ടി.പി സെന്‍കുമാറും ടോമിന്‍ തച്ചങ്കരിയും നാളെ അടുത്തൂണ്‍ പറ്റി പോകേണ്ടവരാണ്. ഇവരുടെ ഈഗോ സംസ്ഥാനത്തെ ഭരണകൂടത്തിനും ഭരണസംവിധാനത്തിനും വരുത്തിവച്ച പരിക്ക് അടുത്തകാലത്തൊന്നും മാഞ്ഞുപോവുകയില്ല. ഇവരുടെ കാലശേഷം വരുന്നവരും ഇതേ നിലപാട് തുടരുകയില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. അത്തരമൊരു കീഴ് വഴക്കം സൃഷ്ടിച്ചാണല്ലോ മൂവരും ഇറങ്ങിപ്പോവുക. ആ നിലക്ക് സംസ്ഥാന ഭരണസംവിധാനത്തെയും അതിന്റെ ഗൗരവത്തെയും പിച്ചിച്ചീന്തി പൊതുസമൂഹത്തിന് മുമ്പില്‍ പരിഹാസ്യമാക്കിയതിന്റെ പാപം എന്നും ഇവരെ വേട്ടയാടിക്കൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."