നീന്തല്‍ പരിശീലന പദ്ധതിയും പാലം പുനര്‍നിര്‍മാണവും പ്രഖ്യാപനത്തില്‍ മാത്രം
എന്‍.സി ഷെരീഫ് കിഴിശ്ശേരി
അരീക്കോട്: ചാലിയാറിലെ തോണി അപകടത്തിന് നാളേക്ക് ഒന്‍പതാണ്ട്. 2009 നവംബര്‍ നാലിനായിരുന്നു അരീക്കോട് മൂര്‍ക്കനാട് കടവില്‍ തോണി മറിഞ്ഞ് എട്ട് കുട്ടികള്‍ മരണപ്പെട്ടത്. അരീക്കോട് നിന്ന് മൂര്‍ക്കനാട് സ്‌കൂളിലേക്ക് ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മൂര്‍ക്കനാട് കടവിലെ കടത്തുതോണിയെയായിരുന്നു ആശ്രയിച്ചിരുന്നത്.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് തോണിയില്‍ പുഴ കടന്ന് പോവുകയായിരുന്ന മൂര്‍ക്കനാട് സുബലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ എം.സി മുഷ്ഫിഖ് കിഴിശ്ശേരി, ഇ.തൗഫീഖ് പാലപ്പറ്റ, കെ.ഷിഹാബുദ്ദീന്‍ വെള്ളേരി, കെ.സി ഷമീം ഇരിവേറ്റി, എം.പി ത്വയ്യിബ കൊഴക്കോട്ടൂര്‍, എം.പി ഷാഹിദലി കൊഴക്കോട്ടൂര്‍, എന്‍.വി സിറാജുദ്ദീന്‍ കുനിയില്‍, ടി.സുഹൈല്‍ പെരുമ്പറമ്പ് എന്നീ വിദ്യാര്‍ഥികളെയാണ് ചാലിയാര്‍ കവര്‍ന്നെടുത്തത്.
ജലരേഖയായി ദുരന്തസ്മാരകത്തിന്റെ പുനര്‍നിര്‍മാണം
അരീക്കോട്: ദിനേനെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ ആശ്രയിച്ചിരുന്ന മൂര്‍ക്കനാട് തോണി ദുരന്തത്തിന്റെ സ്മാരകമായിരുന്ന പാലത്തിന്റെ പുനര്‍നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി. പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല. കനത്ത മഴയില്‍ ഓഗസ്റ്റ് ഒന്‍പതിനാണ് പാലം തകര്‍ന്നു ഒലിച്ചുപോയത്. നിര്‍മാണവുമായി ബന്ധപ്പെട്ട് മിലിറ്ററി എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചിരുന്നു. ബംഗളൂരു മിലിറ്ററി എന്‍ജിനിയറിങ് ഗ്രൂപ് ക്യാപ്റ്റര്‍ ഗുല്‍ദീപ് സിങ് റാവത്ത്, കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സമീര്‍ അറോറ എന്നിവരുടെ നേതൃത്വത്തിലുള്ള 32 അംഗ സംഘമാണ് പരിശോധന നടത്തിയിരുന്നത്.
എന്നാല്‍ തുടര്‍നടപടികള്‍ കൈകൊള്ളാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മൂര്‍ക്കനാട് സുബലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും അരീക്കോട്ടെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്താന്‍ മൂര്‍ക്കനാട് ഇരുമ്പ് പാലത്തേയാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്നത്. പാലം ഇല്ലാതായതോടെ സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമെത്താന്‍ കിലോമീറ്ററുകളോളം നടക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.
പാലം ഒലിച്ചുപോകുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പാലത്തിന്റെ പില്ലറുകള്‍ക്ക് വിള്ളലുകള്‍ സംഭവിച്ചത് ശ്രദ്ധയില്‍പെടുത്തിയിട്ടും അറ്റക്കുറ്റ പ്രവൃത്തി നടത്താന്‍ നടപടി സ്വീകരിക്കാത്തതാണ് പാലം തകരാന്‍ ഇടയാക്കിയത്.
ചാലിയാര്‍ ദുരന്തത്തിന് ശേഷം സ്‌കൂള്‍ കുട്ടികള്‍ ആശ്രയിക്കുന്ന എല്ലാ കടവുകളിലും നടപ്പാലം പണിയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനകം തന്നെ മൂര്‍ക്കനാട് കടവില്‍ ഇരുമ്പ് നിര്‍മിത നടപ്പാലം യാഥാര്‍ഥ്യമായെങ്കിലും സംരക്ഷിക്കാന്‍ ആളില്ലാതെ തുരുമ്പെടുത്ത് നശിക്കുകയാണെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് പാലത്തിന്റെ തകര്‍ച്ച.
നടപ്പാതയും കൈവരികളും തുരുമ്പെടുത്ത് നശിക്കുമ്പോള്‍ പെയ്ന്റടിക്കാന്‍ പോലും അധികൃതര്‍ കൂട്ടാക്കിയിരുന്നില്ല.
1.38 കോടി ചെലവില്‍ പാലം നിര്‍മിക്കാന്‍ കരാര്‍ എടുത്ത കമ്പനി മറ്റൊരു സ്ഥാപനത്തിന് കരാര്‍ മറിച്ചുനല്‍കുകയായിരുന്നു. ഇതില്‍ വന്‍ അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
പാലം തകര്‍ന്നതോടെ ഈ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുകയാണ്.
മുങ്ങിമരണ കേസില്‍ ജില്ല രണ്ടാമത്; എന്നിട്ടും നീന്തല്‍ പരിശീലന പദ്ധതി എവിടെയുമെത്തിയില്ല
അരീക്കോട്: ചാലിയാറില്‍ എട്ട് വിദ്യാര്‍ഥികള്‍ മരണപ്പെട്ടിട്ടും വിവിധ വകുപ്പുകള്‍ സ്‌കൂളുകളില്‍ നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഉദ്ഘാടനം ചെയ്യപ്പെട്ട പരിശീലന കേന്ദ്രങ്ങള്‍ക്കാകട്ടെ അല്‍പായുസ് മാത്രമായിരുന്നു.
എന്‍.എസ്.എസ് യൂനിറ്റിന് കീഴില്‍ കഴിഞ്ഞ വര്‍ഷം മൂര്‍ക്കനാട് സുബുലുസ്സലാം സ്‌കൂളില്‍ നടത്തിയ സര്‍വേയില്‍ 55 ശതമാനം ആണ്‍കുട്ടികള്‍ക്കും 74 ശതമാനം പെണ്‍കുട്ടികള്‍ക്കും നീന്തല്‍ വശമില്ലായെന്നായിരുന്നു ഫലം.
കുട്ടികള്‍ മുങ്ങി മരിക്കുന്ന ജില്ലകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മലപ്പുറം, കോട്ടയം ജില്ലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വിം എന്‍ സര്‍വൈവ് പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും പാതി വഴിയില്‍ മുങ്ങി പോവുകയായിരുന്നു. ജില്ലയിലെ സ്‌കൂളുകളില്‍ പോര്‍ട്ടബിള്‍ സ്വിമ്മിങ് പൂള്‍ സ്ഥാപിച്ച് പരിശീലനം നല്‍കുന്നതായിരുന്നു പദ്ധതി.
പൂര്‍ണമായും കായിക ഡയറക്ടറേറ്റിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുംബൈയിലെ രാഷ്ട്രീയ ലൈഫ് സേവിങ് സൊസൈറ്റിയും രംഗത്ത് വന്നിരുന്നെങ്കിലും ജില്ലയിലെ ചുരുക്കം ചില സ്‌കൂളുകളില്‍ മാത്രമാണ് പേരിനെങ്കിലും പദ്ധതി തുടങ്ങാനായത്. ഇതില്‍ ഒന്ന് പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല. സ്‌കൂളുകളുടെ താല്‍പര്യക്കുറവിനെ പദ്ധതി നടത്തിപ്പുകാരും സ്‌കൂള്‍ അധികൃതര്‍ തിരിച്ചും പഴിചാരിയതോടെ നഷ്ടം സംഭവിച്ചത് വിദ്യാര്‍ഥികള്‍ക്കാണ്.
നീന്തല്‍ സര്‍ട്ടിഫിക്കറ്റുകളുള്ള വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുമ്പോള്‍ നീന്തല്‍ വശമില്ലാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് നല്‍കുന്ന പഞ്ചായത്ത് അധികൃതര്‍ നീന്തല്‍ പരിശീലന കേന്ദ്രത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."