പി.എസ്.സി പരീക്ഷാ ക്രമക്കേട് ക്രൈംബ്രാഞ്ചിന്റെ നുണപരിശോധനാ ആവശ്യം കോടതി തള്ളി
പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കില്ല
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹരജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. രണ്ടു പ്രതികളും രേഖാമൂലം വിസമ്മതം അറിയിച്ചതിനാലാണ് കോടതി ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയത്. പി.എസ്.സി ചോദ്യപേപ്പര്‍ പൊലിസുകാരനായ ഗോകുലിനും പ്രണവിന്റെ അയല്‍വാസിയായ സഫീറിനും എത്തിച്ചു കൊടുത്ത ബുദ്ധികേന്ദ്രങ്ങള്‍, ഉത്തരങ്ങള്‍ അയച്ചുകൊടുത്ത കൂട്ടു പ്രതികള്‍ തുടങ്ങി നസീമിനും ശിവരഞ്ജിത്തിനും മാത്രമറിയാവുന്ന സത്യങ്ങള്‍ വെളിപ്പെടുന്നതിന് വേണ്ടിയാണ് നാര്‍ക്കോ പരിശോധനാ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് ഹരജി നല്‍കിയത്. ഈ ഹരജിയാണ് തള്ളിയത്.
അതിനിടെ കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും ജയിലില്‍ മാതൃകാ പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്നും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ അറിയിച്ചു.
കേസിലെ പ്രവീണ്‍, സഫീര്‍ എന്നീ പ്രതികളെ യൂനിവേഴ്സിറ്റി കോളജില്‍ തെളിവെടുപ്പിനായി ഇന്നലെ എത്തിച്ചിരുന്നു. നേരത്തെ ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയിരുന്നത്. പരസ്പരം പഴിചാരിക്കൊണ്ടായിരുന്നു പ്രതികളുടെ മൊഴി. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരെയും തെളിവെടുപ്പിനായി എത്തിച്ചത്.
യൂനിവേഴ്സിറ്റി കോളജില്‍ എത്തി തെളിവെടുത്തെങ്കിലും ആരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് പ്രണവ് വ്യക്തമാക്കിയില്ല. നസീമാണ് എല്ലാം നടത്തിയതെന്ന പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. പരീക്ഷാ തട്ടിപ്പിനായി ഉപയോഗിച്ച സ്മാര്‍ട് വാച്ചുകളും മൊബൈല്‍ ഫോണുകളും നശിപ്പിച്ചതായി പ്രണവ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."