മോഷണം പോയത് വിമാനവാഹിനിയുടെ രൂപരേഖ
കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി ഐ.എന്‍.എസ് വിക്രാന്തില്‍നിന്ന് മോഷണം പോയത് കപ്പലിന്റെ ഉപകരണ സംവിധാനത്തിന്റെ രൂപരേഖയെന്ന് പൊലിസ് റിപ്പോര്‍ട്ട്. കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാഖറെ ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തന്ത്രപ്രധാന മേഖലയില്‍ നടന്ന മോഷണം അതീവഗൗരവകരവും സുരക്ഷാവീഴ്ചയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പലില്‍ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക്, റാം, പ്രൊസസര്‍ അടക്കം സുപ്രധാന ഭാഗങ്ങളെല്ലാം മോഷണം പോയിട്ടുള്ളത്. ഇവയില്‍ അതീവ രഹസ്യസ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രികളുടെ വിന്യാസം സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലിസ് വിലയിരുത്തുന്നത്.
നിലവില്‍ കപ്പലില്‍ കംപ്യൂട്ടര്‍ ഇരിക്കുന്ന ഭാഗത്ത് 52 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഇതോടൊപ്പം പുറത്തുനിന്നുള്ള ഏജന്‍സി ഏര്‍പ്പാടാക്കിയ 82 പേരും കപ്പലില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തുന്ന നടപടിയാണ് പൊലിസ് ഇപ്പോള്‍ നടത്തുന്നത്. 500 കരാര്‍ തൊഴിലാളികള്‍ വിക്രാന്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. ഇവരെല്ലാം പൊലിസ് നിരീക്ഷണത്തിലാണ്. വിമാനവാഹിനിക്കപ്പലിലേക്ക് എങ്ങനെ ഏതെല്ലാം ഭാഗങ്ങളിലൂടെ പ്രവേശിക്കാം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ രൂപരേഖയില്‍ ഉണ്ടായിരിക്കാം. അങ്ങനെയെങ്കില്‍ ഇതു കടുത്ത സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് നയിക്കും.വിപുലമായ അന്വേഷണം ആവശ്യമാണെന്നും നടപടികള്‍ പുരോഗമിക്കുന്നതായും കമ്മിഷണര്‍ ഡി.ജി.പിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."