ചമ്രവട്ടം പാലം നിര്‍മാണത്തിലെ അഴിമതി; അന്വേഷണം അട്ടിമറിച്ചു
#ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: മലപ്പുറം ജില്ലയിലെ ചമ്രവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു. പാലം നിര്‍മാണത്തില്‍ ക്രമക്കേട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2016ലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതിയുടെ കരങ്ങള്‍ സി.പി.എമ്മിലെ ഉന്നതരില്‍ എത്തുമെന്നായപ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു.
2006ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 124 കോടി രൂപ മുടക്കിയാണ് ചമ്രവട്ടം റെഗുലേറ്ററി കം ബ്രിഡ്ജ് നിര്‍മിച്ചത്. ഒരു കിലോമീറ്റര്‍ നീളമുള്ളതാണ് പാലം. പാലത്തിലെ 70ഓളം ഷട്ടറുകളില്‍ ഒരെണ്ണംപോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ചൈനീസ് കമ്പനിക്കാണ് പാലം നിര്‍മാണത്തിന് കരാര്‍ കൊടുത്തിരുന്നത്. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനായി മണല്‍ വാരിയത് പദ്ധതിപ്രദേശത്ത് നിന്നാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 63162 ടണ്‍ മണലാണ് പദ്ധതി പ്രദേശത്തുനിന്ന് വാരിയെടുത്തത്. റെഗുലേറ്ററിനുണ്ടായ ചോര്‍ച്ചയ്ക്ക് പ്രധാന കാരണമായി പുഴയിലെ അനധികൃത മണലെടുപ്പ് ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം മണല്‍ മാഫിയയുടെ പേരുപറഞ്ഞ് ഇറിഗേഷന്‍ വകുപ്പ് തടിതപ്പുകയായിരുന്നു.
പാലം നിര്‍മാണത്തിന് മാത്രമല്ല, മറ്റ് പല ആവശ്യങ്ങള്‍ക്കും പുഴയില്‍ നിന്ന് മണല്‍ വാരിയെടുത്തുവെന്നാണ് വിവരം. പഞ്ചായത്ത് പരിധിയില്‍ നാല് മണല്‍ കടവുകളുണ്ടായിട്ടും ഒരിടത്തുനിന്നും മണലെടുത്തിട്ടില്ല. അംഗീകൃത തൊഴിലാളികളെ ഉപയോഗിക്കാതെ പദ്ധതി പ്രദേശത്തുനിന്ന് മണ്ണുമാന്തി യന്ത്രവും വലിയ ലോറികളും ഉപയോഗിച്ചാണ് മണല്‍ വാരിയത്.നിര്‍മാണസമയത്ത് കരാറുകാരുടെ മറ്റ് നിര്‍മാണ കേന്ദ്രങ്ങളിലേക്കും മണല്‍ കടത്തിയതായി സമീപവാസികള്‍ പരാതിപ്പെട്ടിരുന്നു. അപ്രോച്ച് റോഡ് നിര്‍മാണത്തിന് മണ്ണ് ഉപയോഗിക്കുന്നതിനുപകരം പുഴയിലെ ചെളി മണല്‍ ഉപയോഗിച്ചുവെന്ന പരാതിയും വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ട്.
ഈ ഇനത്തില്‍ 25 ലക്ഷം രൂപയോളം കരാറുകാര്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുത്തിട്ടുണ്ട്. പുഴയില്‍ നിന്ന് അമിതമായി മണലെടുത്തതിനെത്തുടര്‍ന്ന് റെഗുലേറ്ററിന്റെ ഭാഗമായുള്ള ഏപ്രണുകളെല്ലാം മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."