ബേപ്പൂര്‍ ബീച്ച് വികസനം: ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി
ബേപ്പൂര്‍: ബേപ്പൂര്‍ പുളിമുട്ട് ബീച്ചിന്റെ സമഗ്ര ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച നടത്തി.
വി.കെ.സി മമ്മദ് കോയ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വികസന സാധ്യതകള്‍ സംബന്ധിച്ച് ആശയ വിനിമയം നടത്തി. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പൈതൃക ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഇരിങ്ങല്‍ സര്‍ഗ്ഗാലയയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്നുണ്ടെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കെട്ടിടങ്ങളും മറ്റും നശിച്ചുപോകുന്ന അവസ്ഥയാണ്. ലഭ്യമായ സ്ഥലസൗകര്യം, സൗന്ദര്യവത്കരണം എന്നിവ പഠിച്ച് പ്രൊജക്ട് തയ്യാറാക്കുന്നതിന് പ്രശാന്ത് അസോസിയേറ്റ്‌സിനെ ചുമതലപ്പെടുത്തി. പ്രൊജക്ടിന്റെ കരട് തയ്യാറാക്കിയതിനു ശേഷം പ്രദേശവാസികളുമായി പ്രത്യേക ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം അന്തിമ പ്രൊജക്ട് അനുമതിയ്ക്കായി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
ടൂറിസം ജോയിന്റ് ഡയരക്ടര്‍ സി.എന്‍ അനിതകുമാരി, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, ക്യാപ്റ്റന്‍ കെ.കെ ഹരിദാസ്, ഹാര്‍ബര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപ്, സര്‍ഗ്ഗാലയ പ്രതിനിധികളായ ചന്ദ്രന്‍, പ്രദീപ്, ആര്‍ക്കിടെക്ട് പ്രശാന്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."