കൂലിത്തര്‍ക്കം; ബേപ്പൂര്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കം തടസപ്പെട്ടു
ഫറോക്ക്: സ്റ്റീവ് ഡോറിങ്ങിനുള്ള കൂലി നിശ്ചയിക്കാത്തതിനെ തുടര്‍ന്നു ബേപ്പൂര്‍ തുറമുഖത്ത് കപ്പലില്‍ നിന്നു കണ്ടെയ്‌നര്‍ ഇറക്കുന്നത് തടസപ്പെട്ടു.
ഇന്നലെ വൈകിട്ട് മൂന്നോടെ ഗുജറാത്തില്‍ നിന്നുമെത്തിയ ഗ്രേറ്റ് സീ വേമ്പനാടില്‍ നിന്നു കണ്ടെയ്‌നര്‍ ഇറക്കുന്നതാണ് കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടത്. ഇന്നലെ വൈകിട്ടു വരെ കൂലിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഇന്നു തൊഴിലാളി യൂനിയന്‍ പ്രതനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും കണ്ടെയ്‌നറുകള്‍ ഇറക്കുക.
ഗുജാറത്തില്‍നിന്ന് 31 കണ്ടെയ്‌നര്‍ ടൈല്‍സുമായാണ് കപ്പല്‍ ബേപ്പൂരിലെത്തിയത്. കപ്പലിന്റെ അടിഭാഗത്തിറങ്ങി കണ്ടയ്‌നര്‍ ക്രെയിനില്‍ കൊളുത്തി കൊടുക്കുന്ന സ്റ്റീവ് ഡോറിങ്ങിനു വേറെ കൂലിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഈ കൂലിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് തൊഴിലാളികള്‍ കണ്ടെയ്‌നറുകള്‍ ഇറക്കാതിരുന്നത്. ഇതിനിടെ പോര്‍ട്ട് ഓഫിസര്‍ ഫോഴ്‌സ് ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ ഇറക്കുമെന്നു പറഞ്ഞതില്‍ പ്രകോപിതരായ തൊഴിലാളികള്‍ കപ്പലില്‍ നിന്നു ഇറങ്ങിപ്പോകുകയായിരുന്നു.
ഒരു മാസം മുന്‍പ് കപ്പലില്‍ നിന്നു കണ്ടെയ്‌നറുകള്‍ ഇറക്കുന്നതിനുള്ള കൂലിയെച്ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു.
അന്ന് ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെട്ട് കൂലിവിഷയത്തില്‍ എത്രയും വേഗത്തില്‍ മന്ത്രിതലത്തില്‍ തീരുമാനം കണ്ടെത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കണ്ടെയ്‌നര്‍ നീക്കം ആരംഭിച്ചത്. ഈ വിഷയത്തില്‍ 21ന് മന്ത്രിയുടെ ചേമ്പറിലേക്ക് തൊഴിലാളി യൂനിയന്‍ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുതിയ കൂലിത്തര്‍ക്കം.
ഇത് വീണ്ടും തുറമുഖത്ത് അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നിരിക്കെ പോര്‍ട്ടിന്റെ സുഗമമായ നടത്തിപ്പിനു തൊഴിലാളികള്‍ സഹകരിക്കണമെന്നും പോര്‍ട്ട് ഓഫിസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."