കോര്‍പറേഷനിലെ ഖരമാലിന്യ തൊഴിലാളികള്‍ നാളെ മുതല്‍ സമരത്തിലേക്ക്
കോഴിക്കോട്: കോര്പറേഷന് പരിധിയിലെ നാന്നൂറോളം വരുന്ന ഖരമാലിന്യ തൊഴിലാളികള്‍ നാളെ മുതല്‍ സമരത്തിലേക്ക്. വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്നത്. ഇതോടെ മാലിന്യനീക്കം മുടങ്ങും.
കഴിഞ്ഞ 15 വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ താല്‍ക്കാലിക തൊഴിലാളികളാക്കുമെന്ന ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ജില്ലാ ഖരമാലിന്യ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ ആവശ്യങ്ങളുന്നയിച്ച് കോര്പറേഷന് അധികാരികള്‍ക്ക് പലതവണ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇവര്‍ സമരരംഗത്തിറങ്ങുന്നത്. മാലിന്യം കൊണ്ടുവരുന്നതിനായി കോര്പറേഷന് മുഖാന്തിരം നല്കിയ വാഹനങ്ങളുടെ വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് ബാങ്കുകളില്‍ നിന്ന് നോട്ടിസ് ലഭിച്ചു കൊണ്ടിരിക്കുകയാണ്. തുച്ഛമായ വരുമാനം ലഭിക്കുന്ന തങ്ങള്‍ക്ക് വായ്പ തിരിച്ചടക്കാനാവില്ലെന്നും കോര്‍പറേഷനാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
മുന്‍കാലത്തെ പല തൊഴിലാളികള്‍ക്കും ത്വക്ക്രോഗം ബാധിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. താല്‍ക്കാലികക്കാര്‍ക്ക് സ്ഥിരക്കാരുടെ വേതനം നല്‍കണമെന്ന സുപ്രിംകോടതി വിധി കോര്പറേഷന് നടപ്പാക്കണമെന്നും നിര്‍ത്തിവച്ച ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും മാറാരോഗികളായി മാറിയ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡും മരുന്നും നല്‍കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പി.എ ചന്ദ്രശേഖരന്, പി. ഗിരിജ, ടി.പി അംബിക, കെ. ബാബിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."