ജമ്മുകശ്മിര്‍ ഇന്ത്യയുടെ കോളനിയാണോയെന്ന് ഇല്‍തിജ മുഫ്തി
മുംബൈ: ജമ്മുകശ്മിരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കശ്മിര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി.
കശ്മിരിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെപോലും സര്‍ക്കാര്‍ വിലങ്ങിട്ടിരിക്കുകയാണ്. ജമ്മുകശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണോ അതോ കോളനിയാണോയെന്നും അവര്‍ ചോദിച്ചു. മുംബൈയില്‍ ഇന്ത്യാടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കഴിഞ്ഞ ഒരുമാസത്തോളമായി കശ്മിരികളെ സര്‍ക്കാര്‍ കൂട്ടിലടച്ചിരിക്കുകയാണ്. താഴ്്‌വരയില്‍ മാനുഷിക പരിഗണനപോലും നല്‍കാത്തതുകൊണ്ട് ജനങ്ങള്‍ കടുത്ത പ്രതിസന്ധിയും ആഘാതവും ഏറ്റുകൊണ്ടിരിക്കുകയാണെന്നും ഇല്‍തിജ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഭാവിയെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ കശ്മിരികള്‍ വര്‍ത്തമാനകാലത്തെക്കുറിച്ച്തന്നെ പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞതോടെ ഇവിടെ വന്‍വികസനത്തിന് വഴിവയ്ക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അത്തരത്തിലൊന്ന് ഉണ്ടാകില്ലെന്നുതന്നെയാണ് കശ്മിരിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളുടെ അവസ്ഥ എന്താണെന്നും അവര്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."