ഭാഗ്യലക്ഷ്മിക്കൊരു ഭാഗ്യവസതി ഒരുങ്ങി; കൈമാറ്റം അഞ്ചിന്
കുന്നുംകൈ: നിര്‍ധന വിദ്യാര്‍ഥിനിക്ക് കുന്നുംകൈ എല്‍.കെ അസിനാര്‍ മെമ്മോറിയല്‍ എ.യു.പി സ്കൂള്‍ നിര്‍മിച്ചു നല്കുന്ന രണ്ടാമത്തെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. പ്ലാസ്റ്റിക്ക് കൂരയിലെ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ നിന്ന് പഠിക്കേണ്ടി വന്ന ഭാഗ്യലക്ഷ്മിക്കാണ് ഭാഗ്യവസതി ഒരുങ്ങിയത്. സ്കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഭാഗ്യലക്ഷ്മിക്ക് പി.ടി.എ കമ്മിറ്റിയും മറ്റു ഉദാരമതികളുടെ സഹായത്തോടെ രണ്ടുവര്‍ഷം മുമ്പാണ് നിര്‍മാണം ആരംഭിച്ചത്. പ്ലാസ്റ്റിക് കുടിലിലായിരുന്നു നാളിതുവരെ പഠനം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശക്തമായ കാറ്റില്‍ കുടില്‍ തകര്‍ന്നതിനാല്‍ പഞ്ചായത്തിന്റെ അധീനതയിലായിരുന്ന അഗതി മന്ദിരത്തിലേക്കു തല്ക്കാലം മാറ്റുകയായിരുന്നു.
അമ്മ മാത്രമുള്ള ഭാഗ്യലക്ഷ്മിക്ക് മാതാവ് കൂലിവേല ചെയ്താണ് പഠനവും ജീവിതവും മുന്നോട്ടുപോകുന്നത്. വിദ്യാര്‍ഥിനിയുടെ ദയനീയ സ്ഥിതി മനസിലാക്കി സ്കൂള്‍ മാനേജ്മെന്റ്, പി.ടി.എ കമ്മിറ്റി, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് കൂവ്വപ്പാറയില്‍ മൂന്ന് സെന്റ് ഭൂമി വിലയ്ക്കു വാങ്ങുകയായിരുന്നു. 2015-16 അധ്യായന വര്‍ഷത്തില്‍ 'അലീനയ്ക്കൊരു സ്നേഹവീട്' എന്നു പേരിട്ട പദ്ധതിയിലെ രണ്ടാമത്തെ വീടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആറു ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം അഞ്ചിന് ഉച്ചയ്ക്ക് ട്രോമകെയര്‍ വളണ്ടിയര്‍ ജൈസല്‍ താനൂര്‍ നിര്‍വഹിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂള്‍ സ്ഥാപകമാനേജര് എല്‍.കെ അസിനാറിനെക്കുറിച്ചുള്ള ഡോക്യുമെന്റ്റിയുടെ സ്വിച്ച് ഓണ്‍ കര്‍മവും ജൈസല്‍ താനൂര്‍ നിര്‍വഹിക്കും. ചടങ്ങ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡന്റ് കെ എം പ്രസാദ് അധ്യക്ഷനാകും. ചിറ്റാരിക്കല്‍ എ.ഇ.ഒ കെ. എം രമാദേവി ഉപഹാര സമര്‍പ്പണം നടത്തും. സി.എം വര്‍ഗീസ്, എ.ജി ശുക്കൂര്‍, കെ.എം പ്രസാദ്, വിന്‍സെന്റ് തലാപ്പിള്ളി, എം.എ നസീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."