ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ടിപ്പര്‍ ചീറിപ്പാഞ്ഞു; പൊലിഞ്ഞത് രണ്ടു വിലപ്പെട്ട ജീവനുകള്‍
മുക്കം: സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിരത്തിലിറങ്ങരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതാണ് ഇന്നലെ മുക്കത്ത് രണ്ട് വിലപ്പെട്ട ജീവനുകള്‍ പൊലിയാന്‍ ഇടയാക്കിയത്.
അമിതവേഗതയില്‍ ചീറിപ്പായുന്ന ഇത്തരം ലോറികള്‍ സംസ്ഥാനത്ത് നിരവധി അപകടങ്ങള്‍ക്ക് കാരണമായതിനാലാണ് രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ചു വരെയും നിരത്തുകളില്‍ ഇവ ഓടുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
എന്നാല്‍ കോടതി വിധി അനുസരിക്കാതെ സ്‌കൂള്‍ സമയങ്ങളില്‍ ലോറികള്‍ മരണപ്പാച്ചില്‍ തുടരുകയാണ്. ഇതു തടയാന്‍ പൊലിസും വലിയ ഉത്സാഹം കാണിക്കാറില്ല. അപകടമുണ്ടാകുമ്പോള്‍ മാത്രം പൊലിസും നാട്ടുകാരും ഇക്കാര്യത്തില്‍ ജാഗരൂഗരാവുകയും ആഴ്ചകള്‍ക്കു ശേഷം എല്ലാം പഴയപടി ആവുകയുമാണ് പതിവ്.
മലയോര മേഖലയില്‍ നിരവധി കോറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികളുമായി അമിത വേഗതയില്‍ പോകുന്ന ടിപ്പര്‍ ലോറികളെ നിയന്ത്രിക്കാന്‍ പൊലിസും കാര്യമായി ശ്രമിക്കാറില്ലെന്ന പരാതി വ്യാപകമാണ്. ലോഡ് കണക്കാക്കിയാണ് ടിപ്പറുകളിലെ ഡ്രൈവര്‍ക്കുള്ള കൂലി എന്നതിനാല്‍ ഒരു ദിവസം പരമാവധി ലോഡ് എത്തിക്കാന്‍ ഇവര്‍ ശ്രമിക്കും.
ഇതിനായി അമിത വേഗതയിലാണ് ലോറികളുടെ സഞ്ചാരം. കഴിഞ്ഞ ദിവസം ആനയാംകുന്നില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ റിപ്പറിടിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ സമയങ്ങളില്‍ ഇവ ഓടുന്നതിനെതിനെതിരേ നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ നടത്തി വരുന്നതിനിടെയാണ് ഇന്നലെ ടിപ്പര്‍ നരഹത്യക്ക് വീണ്ടും നാട് സാക്ഷിയായത്.
സംഭവമറിഞ്ഞ് ക്ഷുഭിതരായ ജനക്കൂട്ടം മണിക്കൂറുകളോളം മുക്കത്ത് സംസ്ഥാനപാത ഉപരോധിച്ചു. സംസ്ഥാനപാതയിലൂടെ പോവുകയായിരുന്ന ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ പിടിച്ചിട്ടു. താമരശേരി സി.ഐയുടെയും മുക്കം എസ്.ഐയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഒടുവില്‍ ഉപരോധം നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ വീണ്ടും മുക്കം സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഇന്നു വൈകിട്ട് പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ പ്രതിനിധികളെയും യുവജന പ്രസ്ഥാനത്തിന്റെ നേതാക്കളേയും വ്യാപാരി വ്യവസായി നേതാക്കളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കാമെന്ന സി.ഐയുടെ ഉറപ്പിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."