നാലുവരി ദേശീയപാത: പ്രവര്‍ത്തി മൂന്നുമാസത്തിനകം ആരംഭിക്കും
കാഞ്ഞങ്ങാട്: തലപ്പാടി-കാലിക്കടവ് നാലുവരി ദേശീയപാത വികസനത്തിന് കൂടുതല്‍ തുക ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചതോടെ ദേശീയപാതയുടെ പ്രവൃത്തി മൂന്നുമാസത്തിനകം ആരംഭിക്കും. ജില്ലയില്‍ ഭൂമി ഏറ്റെടുത്ത വകയില്‍ 4500 പേര്‍ക്കായി 1200 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് കണക്ക്. ഇതില്‍ ഏതാണ്ട് വിതരണം ചെയ്തു കഴിഞ്ഞു. ഹോസ്ദുര്‍ഗ് വില്ലേജില്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര വിതരണം അവസാനഘട്ടത്തിലാണ്. മൂന്നുകോടിരൂപവരെ കിട്ടിയ ആളുകള്‍ ഹോസ്ദുര്‍ഗ് വില്ലേജിലുള്ളതായി അറിയുന്നു. ദേശീയ പാത വികസന പദ്ധതിയില്‍ മൂന്നാംഘട്ടത്തില്‍ വരുന്ന തലപ്പാടി-ചെങ്കള, ചെങ്കള-നീലേശ്വരം പാതയുടെ നിര്‍മാണമാണ് സംസ്ഥാനത്ത് ആദ്യം തുടങ്ങുക. പാക്കേജ് ഒന്നിലെ ഭാഗം ഒന്ന്, രണ്ട് പ്രവൃത്തികളാണിത്. തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ റോഡിന് 44 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 1270 കോടിരൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്. ചെങ്കള-നീലേശ്വരം പള്ളിക്കര മേല്‍പാലം വരെയുള്ള 37 കിലോമീറ്റര്‍ പാതക്കായി 42 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 1400 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്. നീലേശ്വരം മേല്‍പാലം മുതല്‍ കാലിക്കടവ് വരെയുള്ള 6. 917 കിലോമീറ്റര്‍ റോഡ് വികസനം പാക്കേജ് രണ്ടിലെ കണ്ണൂര്‍ ഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. നീലേശ്വരം റെയില്‍വേ മേല്‍പാല നിര്‍മാണം പുരോഗമിക്കുകയാണ്. 82 കോടി രൂപയാണ് നിര്‍മാണ ചെലവ്. മൂവായിരം കോടിയോളം രൂപയുടെ പ്രവൃത്തി മൂന്നുമാസത്തിനകം ആരംഭിക്കുമെന്നാണ് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്. ദേശീയപാത വികസനത്തിന് ഉദ്യോഗസ്ഥതലത്തിലുള്ള തടസങ്ങള്‍ നീക്കാന്‍ അടിയന്തിര നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതോടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ പ്രവൃത്തി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ . തലപ്പാടി മുതല്‍ കാലിക്കടവ് വരെ 87 കിലോമീറ്റര്‍ ദൂരത്തിലാണ് 45 മീറ്റര്‍ വീതിയില്‍ നാലുവരിയായി ദേശീയപാത വികസിപ്പിക്കുക. ഏറ്റെടുത്ത 97 ഹെക്ടര്‍ ഭൂമിയില്‍ 22 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."