നബിദിനാഘോഷത്തെ എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിനെ അവഹേളിക്കുന്ന അസഹിഷ്ണുതാ ഭ്രാന്തന്മാര്‍; ജസ്റ്റിസ് കട്ജു
ന്യൂഡല്‍ഹി: നബിദിനാഘോഷത്തെ എതിര്‍ക്കേണ്ട ആവശ്യമെന്തെന്ന് ചോദിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നബിദിനാഘോഷത്തെ എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിനെ അവഹേളിക്കുന്ന അസഹിഷ്ണുതാ ഭ്രാന്തന്മാരാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നബിദിനാഘോഷം തടയണമെന്നാവശ്യപ്പെട്ട് തന്റെയടുക്കല്‍ ഹരജിയുമായി ഒരു വിഭാഗം വന്നതിനെ ഓര്‍മിച്ചാണ് കട്ജുവിന്റെ പോസ്റ്റ്.
താന്‍ അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നപ്പോള്‍ യു.പി സഹാറന്‍പുരിലെ ചിലര്‍ തന്റെ മുന്‍പാകെ ഒരു ഹരജിയുമായി എത്തി. നഗരത്തില്‍ നബിദിനാഘോഷം നടത്തുന്നത് തടയണമെന്നായിരുന്നു ആവശ്യം.
അതു തടയേണ്ടതിന്റെ ആവശ്യമെന്തെന്ന് ഞാന്‍ ഹരജിക്കാരോട് ചോദിച്ചു. എല്ലാത്തിനുമപ്പുറം, ഇത് ജനാധിപത്യ, മതേതര രാഷ്ട്രമാണ്. നിയമപ്രകാരമുള്ള എല്ലാ ആചാരങ്ങളും നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യവുമുണ്ട്.
ഇസ്‌ലാമില്‍ ഒരേയൊരു ദൈവമേയുള്ളു, അത് അല്ലാഹുവാണെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നത് പ്രവാചകനെ മറ്റൊരു ദൈവമായി കണക്കാക്കലാണെന്നും അത് അനിസ്‌ലാമികമാണെന്നും അവര്‍ പറഞ്ഞു.
നിങ്ങള്‍ വിഡ്ഢിത്തരമാണ് പറയുന്നതെന്ന് ഞാന്‍ പറഞ്ഞു. നമ്മള്‍ ആരുടെയെങ്കിലും ജന്മദിനം ആഘോഷിക്കുമ്പോള്‍ അവരെ ദൈവമായി കണക്കാക്കുന്നില്ല. ദര്‍ഗയിലേക്ക് പോകുമ്പോള്‍ അവിടെയുള്ള പുണ്യവാനെ നമ്മള്‍ ദൈവമായി കണക്കാക്കില്ല, അവിടെയുള്ള കല്ലുകളെ ആരാധിക്കുകയോ അല്ല. പക്ഷെ അവര്‍ ഉദ്‌ബോധിപ്പിച്ച സഹിഷ്ണുതയും കരുണയും സാഹോദര്യവും ഓര്‍ക്കുക മാത്രമാണ് നമ്മള്‍. ഞാനൊരു നിരീശ്വരവാദിയാണെങ്കിലും പലപ്പോവും അജ്മീര്‍ ശരീഫ്, നിസാമുദ്ദീന്‍ ഔലിയ പോലുള്ള ദര്‍ഗകളില്‍ പോവാറുണ്ട്. ഏതൊരു ചടങ്ങായാലും, നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അതില്‍ പങ്കെടുക്കേണ്ട, നോക്കുക പോലും വേണ്ട.
അതുകൊണ്ട് ഞാനാ ഹരജി തള്ളിക്കളയുന്നുവെന്ന് പറഞ്ഞു.
എന്റെ അഭിപ്രായത്തില്‍ നബിദിനാഘോഷത്തെ എതിര്‍ക്കുന്നവര്‍ ഐക്യത്തിന്റെ ഉന്നതമായ സന്ദേശം നല്‍കുന്ന മതമായ ഇസ്‌ലാമിനെ അവഹേളിക്കുന്ന അസഹിഷ്ണുതാ ഭ്രാന്തന്മാരാണ്. ഇത്തരം ഭ്രാന്തന്മാരും മതഭ്രാന്തന്മാരും കാരണം മുസ്‌ലിംകളെ (99 ശതമാനം പേരും നല്ല മനുഷ്യരാണ്) ചിലര്‍ തീവ്രവാദികളും രാക്ഷസന്മാരുമായി ചിത്രീകരിക്കുകയാണ്. അവര്‍ക്ക് അഴിക്കുള്ളിലാണ് സ്ഥാനം- കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."