പള്ളിപ്പറമ്പ്-ചെക്കിക്കുളം റോഡ്; നവീകരണ പ്രവൃത്തി ഇഴയുന്നു
കൊളച്ചേരി: പറശ്ശിനിക്കടവ്-കരിങ്കല്‍കുഴി-പള്ളിപ്പറമ്പ്-ചെക്കിക്കുളം-അണ്ടല്ലൂര്‍ റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ജൂണില്‍ റോഡിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചെങ്കിലും പലയിടത്തും പണി നിര്‍ത്തിവച്ച നിലയിലാണ്. പറശ്ശിനിക്കടവ് മുതല്‍ കരിങ്കല്‍കുഴി വരെ ഓവുചാല്‍ നിര്‍മാണം നടക്കുന്നുണ്ട്. മെക്കാഡം ടാറിങ്ങിന്റെ ആദ്യത്തെ ലെയര്‍ പൂര്‍ത്തിയായി. എന്നാല്‍ പള്ളിപ്പറമ്പ് മുതല്‍ ചെക്കിക്കുളം വരെ പ്രവൃത്തി നിലച്ചമട്ടാണ്. വീതി കൂട്ടുന്നതിന് ഇരുവശത്തുനിന്നും ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തുവെങ്കിലും നാലുമാസമായി ഇവിടെ ഒരു പ്രവൃത്തിയും നടക്കുന്നില്ല.
അതേസമയം പ്രവൃത്തി നിര്‍ത്തിവച്ചത് യാത്രക്കാരെയും റോഡിന് സമീപത്തുള്ള വീട്ടുകാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. റോഡിന്റെ വീതി കൂട്ടുന്നതിന് റോഡിന് ഇരുവശത്തുമുള്ള ഭൂവുടമകള്‍ സ്വമേധയാ സ്ഥലം വിട്ടുനല്‍കിയിരുന്നു. കൂടാതെ വീടിന്റെ മതില്‍ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. ഇതോടെ വീടുകളുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരുവുനായ ശല്യം രൂക്ഷമായ ഇവിടെ കുട്ടികള്‍ക്ക് മുറ്റത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വീടിന്റെ മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കും സുരക്ഷിതത്വമില്ല. രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷണവും നടക്കുന്നുണ്ട്. റോഡ് നവീകരണത്തിനായി മതില്‍ പൊളിച്ചതിനാല്‍ പല വീടുകളുടെയും മുന്‍ഭാഗം പൊടിശല്യം കാരണം ടാര്‍പായ കൊണ്ട് മറച്ചുവയ്‌ക്കേണ്ട അവസ്ഥയാണ്. അടിയന്തരമായി റോഡ് പ്രവൃത്തി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 24 കോടി രൂപ ചെലവില്‍ 10 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. ഏഴുമീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങും ആവശ്യമുള്ളയിടത്ത് ഇരുവശവും ഓവുചാലും നിര്‍മിക്കാനുമാണ് കരാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."