വിനോദ സഞ്ചാരികള്‍ക്ക് 'പച്ച പരവതാനി' വിരിച്ച് ഡി.ടി.പി.സി
കണ്ണൂര്‍: ടൂറിസം സീസണിനെ വരവേല്‍ക്കുവാനും വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഹൃദ്യമായ സേവനം സഞ്ചാരികള്‍ക്ക് ഉറപ്പാക്കുവാനുമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കി ഡി.ടി.പി.സി. ബഹുജനപങ്കാളിത്തത്തോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ശുചീകരിക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലാണ് മാസ് ക്ലീനിങ് നടന്നത്.
പയ്യാമ്പലം പാര്‍ക്കിനെ ഗ്രീന്‍ ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത, പാലക്കയംതട്ടില്‍ നടന്ന ചടങ്ങ് കെ.സി ജോസഫ് എം.എല്‍.എ, മീന്‍കുന്ന് ചാല്‍ ബീച്ചില്‍ നടന്ന ചടങ്ങ് അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന, പൈതല്‍മലയില്‍ നടന്ന പരിപാടി എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് ഐസക്ക്, തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ നടന്ന ശുചീകരണ യജ്ഞം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി സുമേഷ്, വയലപ്ര പാര്‍ക്കില്‍ നടന്ന ചടങ്ങ് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഭാവതി, പടന്നക്കര പിണറായി പാര്‍ക്കില്‍ നടന്ന ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ, പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ മാടായി പഞ്ചായത്ത് പ്രസിഡന്റ് എ. സുഹറാബി, ധര്‍മ്മടം ബീച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ ചടങ്ങുകളില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ മുരളീധരന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, അന്‍ഷാദ് കരുവന്‍ചാല്‍, പി.ആര്‍ ശരത് കുമാര്‍, ജനപ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."