കൊട്ടിഘോഷിച്ച് ട്രൈബല്‍ വകുപ്പിന്റെ ദത്തെടുക്കല്‍; ദുരിതം തീരാതെ പുതൂര്‍കുന്ന് കോളനി
മാനന്തവാടി: ട്രൈബല്‍ വകുപ്പ് ദത്തെടുത്ത് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പനമരം പുതൂര്‍കുന്ന് കോളനിക്കാര്‍ക്ക് ദുരിതം തന്നെ കൂട്ട്. വാസയോഗ്യമായ വീടുകളില്ലാത്തതാണ് കാലവര്‍ഷം തുടങ്ങിയതോടെ കോളനിക്കാരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. നിര്‍മാണം തുടങ്ങിയ വീടുകളുടെ പണി ഇപ്പോഴും പാതി വഴിയിലാണ്. നേരത്തെ ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റിയാണ് പലരും പുതിയ വീട് പണി ആരംഭിച്ചത്.
എന്നാല്‍ പണി പാതി വഴിയിലായതോടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ള താല്‍ക്കാലിക കൂരകളിലാണ് ഇവര്‍ കഴിയുന്നത്. പനമരം പുതൂര്‍കുന്ന് കോളനിയിലെ പതിനൊന്ന് വീടുകളുടെ പണിയാണ് പൂര്‍ത്തിയാവാതെ പാതിവഴിയിലായത്. 2015-16 വര്‍ഷത്തില്‍ മുന്‍ പട്ടിക വര്‍ഗ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി മുന്‍ കൈയെടുത്ത് ട്രൈബല്‍ വകുപ്പ് ദത്തെടുത്ത കോളനിയാണ് പനമരം അഞ്ചുകുന്ന് പുതൂര്‍കുന്ന പണിയ കോളനി. 11 വീടുകളാണ് 40 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ഇതുവരെ അനുവദിച്ചത്. ഇതിന്റെ പ്രവൃത്തികള്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ പൂര്‍ത്തിയായിട്ടുമില്ല. കരാറുകാര്‍ പാതി വഴിയില്‍ പണി ഉപേക്ഷിക്കുന്നത് ഒഴിവാക്കാനായി പനമരം പഞ്ചായത്തിലെ ട്രൈബല്‍ വര്‍ക്കേഴ്‌സ് സൊസൈറ്റിയെയാണ് വീടു പണി ഏല്‍പ്പിച്ചത്. വീടു നിര്‍മാണം തറനിരപ്പിലും ലിന്റല്‍ പൊക്കത്തിലും ഇപ്പോഴും അവശേഷിക്കുകയാണ്.
രണ്ട് വര്‍ഷം മുന്‍പ് 500 രൂപ മുന്‍കൂര്‍ നല്‍കിയ കോളനിയിലെ പാറുവിന്റെ വീടിനായി കുറച്ച് കല്ലിറക്കിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തിട്ടില്ല. കോളനിയിലെ കൊച്ചി കയമ, കൊച്ചി ബാലന്‍, കറപ്പി, രാമന്‍, രാധ, സുമേഷ്, കുമാരന്‍, ശാന്ത ശങ്കരന്‍, നെല്ല തോലന്‍ എന്നിവരുടെ വീടുകള്‍ ചുമരിലൊതുങ്ങിയിരിക്കുകയാണ്. മൂന്നര ലക്ഷം രൂപയാണ് ഓരോ വീടിനും അനുവദിച്ചത്. ഇതില്‍ ഒന്നും രണ്ടും ഗഡുക്കളാണ് ഗുണഭോക്താക്കള്‍ വാങ്ങി സൊസൈറ്റിക്ക് നല്‍കിയത്. എന്നാല്‍ സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തി പിന്നീട് ഒരാള്‍ സ്വന്തമായി ഏറ്റെടുത്തതാണ് പ്രവൃത്തികള്‍ നിലക്കാന്‍ കാരണമായി പറയപ്പെടുന്നത്.
ഇതിനകം ഇതു സംബന്ധിച്ച് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവില്‍ ദ്രവിച്ച് വീഴാറായ വീടുകളിലും പ്ലാസ്റ്റിക്ക് കൊണ്ട് മൂടിയ ചോര്‍ന്നൊലിക്കുന്ന കുടിലുകളിലുമാണ് വീടില്ലാത്തവര്‍ കഴിയുന്നത്. ആദിവാസി വീടുകള്‍ പാതി വഴി നിര്‍മാണം ഉപേക്ഷിക്കുന്നത് തടയാനായി മുന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന സൊസൈറ്റികള്‍ പലതും പ്രവൃത്തികള്‍ കരാറുകാര്‍ക്ക് മറിച്ചു നല്‍കുകയാണെന്ന ആരോപണവും ശക്തമാണ്. പുതൂര്‍കുന്ന് കോളനിയിലും ഇതാണ് സംഭവിച്ചതെന്ന് കോളനിക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."