കല്ല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രത്തിന് കരാറായി
ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തില്‍ കല്ല്യാട് ഊരത്തൂര്‍ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നൂറ് കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ ആയി. കിറ്റ്‌കോയ്ക്കാണ് കരാര്‍ ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മിഷന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്നുമാസം കൊണ്ട് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആദ്യഘട്ടത്തില്‍ ഗവേഷണ കേന്ദ്രം, ആശുപത്രി കെട്ടിടം, ഔഷധ ഉദ്യാനം, മ്യൂസിയം ശാസ്ത്രജ്ഞര്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യം, ഉപകരണങ്ങള്‍, ലാബ് സൗകര്യങ്ങള്‍, അതിഥിമന്ദിരം, പ്ലാന്റ് കെട്ടിടം എന്നിവയാണ് സ്ഥാപിക്കുക. ആകെ 311 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. കെട്ടിടങ്ങളുടെ വിസ്തൃതി 68,000 ചതുരശ്ര മീറ്ററും ആയിരിക്കും. രോഗശമനം പ്രതിരോധ പുനരധിവാസ ചികിത്സ എന്നിവയാണ് ഈ കേന്ദ്രത്തില്‍ ലഭ്യമാവുക. ഗവേഷണത്തിലൂടെ കണ്ടെത്തുന്ന ഔഷധങ്ങളുടെ ക്ലിനിക്കല്‍ പരീക്ഷണം, ഉല്‍പാദനം എന്നിവ കല്ല്യാട് കേന്ദ്രത്തില്‍ സാധ്യമാകും.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. കിറ്റ്‌കോ മുഖേനയുള്ള പ്രൊജക്ട് (ഡി.പി.ആര്‍) തയാറാക്കുന്നതിനും സ്ഥലമേറ്റെടുക്കലിനുമാണ് തുക അനുവദിച്ചത്. ഡി.പി.ആര്‍ തയാറാക്കുന്നതിനായി കിറ്റ്‌കോ വിദഗ്ധ സംഘം കല്ല്യാട് വില്ലേജിലെ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ച ശേഷം ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി ചര്‍ച്ച നടത്തി. ആയുര്‍വേദ ഉല്‍പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണങ്ങളും ചികിത്സ സംബന്ധമായ പരീക്ഷണവും ശക്തമാക്കുകയെന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ആധുനിക രീതിയിലുള്ള ആയുര്‍വേദ മരുന്നുകള്‍ രാജ്യന്തര നിലവാരത്തില്‍ നിര്‍മിക്കാന്‍ നിലവില്‍ സംസ്ഥാനത്തു ലാബോറട്ടറി ഇല്ലാത്ത പ്രശ്‌നവും ഇതോടെ പരിഹരിക്കും. ആയുര്‍വേദ മരുന്നുകള്‍ വികസിപ്പിക്കുന്ന ലബോറട്ടറിയും വിതരണം ചെയ്യാനുള്ള സ്റ്റാര്‍ട്ട് അപ് പരിശീലന കേന്ദ്രവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."