സഊദിയിലേക്ക് യു.എസ് കൂടുതല്‍ സൈനികരെ അയക്കും
വാഷിങ്ടണ്‍: എണ്ണ ഭീമന് സഊദി അരാംകോയ്ക്കു നേരെ നടന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്റെ സഹായത്തോടെയാണെന്ന് യു.എസും സഊദിയും ആരോപിച്ചതിനു പിന്നാലെ സഊദിയിലേക്കും യു.എ.ഇയിലേക്കും കൂടുതല്‍ സൈനികരെ അമേരിക്ക അയക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര് അറിയിച്ചു. കഴിഞ്ഞദിവസം പെന്റഗണും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതേസമയം ഇറാനെതിരേ തിരക്കിട്ട് സൈനിക നീക്കം നടത്താനുള്ള സാധ്യത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. പുതിയ ഉപരോധമേര്‍പ്പെടുത്തി ഇറാനെ കൂടുതല്‍ ഞെരുക്കുകയാണ് ട്രംപിന്റെ തന്ത്രം. കൂടുതല്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കുന്നത് ആദ്യഘട്ടമെന്ന നിലയിലാണെന്ന് എസ്പര് പറഞ്ഞു. എന്നാല്‍ എത്ര സൈനികരെയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം കൂടുതല്‍ സൈനികരെ അയക്കുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ വരുംദിവസങ്ങളില്‍ വ്യക്തത വരുമെന്ന് യു.എസ് നേതൃത്വത്തിലുള്ള സഖ്യകക്ഷി സംയുക്ത സേനാതലവന്മാരുടെ ചെയര്മാന് ജനറല്‍ ജോസഫ് ഡന്‍ഫോര്‍ഡ് പറഞ്ഞു.
സൈനികര്‍ക്കു പുറമെ പാട്രിയറ്റ് മിസൈല്‍, ആധുനിക റഡാറുകള്‍ എന്നിവയും ഇരു രാജ്യങ്ങള്‍ക്കുമായി നല്‍കും. അതിനിടെ ഇറാനെതിരേ സൈനിക ആക്രമണം നടത്തുന്നതിനെതിരേ യു.എസ് മുന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ മുന്നറിയിപ്പു നല്കി. സിറിയയിലെ സൈനിക നടപടിപോലെ ഇതുകൊണ്ട് ഒരു ഫലവുമുണ്ടാവില്ലെന്നും യു.എസ് സേനയെ മിസൈലുപയോഗിച്ച് ആക്രമിക്കാന്‍ ഇറാന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ താല്പര്യങ്ങളും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തി മാത്രമേ സൈനിക നടപടിയിലേക്ക് കടക്കാവൂ- അദ്ദേഹം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."