ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാവണം
ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലാകണം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതലെന്ന് കേരളം. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പുതിയ വിദ്യാഭ്യാസ നയ രൂപീകരണം സംബന്ധിച്ച് സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ ആദ്യ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്.
സംസ്ഥാനങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധം ഫെഡറല്‍ തത്വങ്ങളില്‍ അധിഷ്ടിതമായിരിക്കണം വിദ്യാഭ്യാസ നയം. പൊതു വിദ്യാഭ്യാസ യജ്ഞം പോലെ കേരളത്തില്‍ വിജയിച്ച വിദ്യാഭ്യാസ മാതൃകകള്‍ നിലനിര്‍ത്താന്‍ കഴിയണം.
കരട് നയത്തിലെ വിദ്യാഭ്യാസത്തിന്റെ ഘടന സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതിന് പ്രയാസങ്ങല്‍ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി കേരളത്തില്‍ അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സ്വകാര്യ മേഖലയില്‍ നിന്ന് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയത്. പാഠപുസ്തങ്ങള്‍ കേന്ദ്രീകൃതമായി പ്രസാധനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ല. പാഠ്യപദ്ധതിയും പാഠപുസ്തകവും ആവാസ വ്യവസ്ഥയില്‍ കേന്ദ്രീകൃതമായിരിക്കണം. സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പാഠപുസ്തകങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയണം. വൈവിധ്യത്തില്‍ അധിഷ്ടിതമായ രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രവും ദേശീയ അന്തര്‍ദേശീയ സാഹചര്യങ്ങളും പ്രതിഫലിക്കുന്നതാകണം പാഠപുസ്തകങ്ങള്‍. ഭരണഘടന വിഭാവനം ചെയ്യുന്ന സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്ക് പ്രാധാന്യമുണ്ട്.
വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്ക്കരണവും വാണിജ്യ വത്ക്കരണവും സമൂഹത്തിലെ വലിയൊരു വിഭാഗത്തെ പാര്‍ശ്വവത്കൃതരാക്കും. 1968 മുതല്‍ 1992 വരെയുള്ള വിദ്യാഭ്യാസ നയങ്ങള്‍ പരിശോധിച്ച് വിദ്യാഭ്യാസ രംഗത്തെ വിജയ പരാജയങ്ങള്‍ വിലയിരുത്തിവേണം പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്താന്‍. ഇതിനായി പ്രാഥമികതലം മുതല്‍ കരട് നയം വിശദമായ ചര്‍ച്ചക്ക് വിധേയമാക്കണം. ഇക്കാര്യത്തില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്നതിന് ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള 22 ഭാഷകളിലും കരട് വിദ്യാഭ്യാസ നയം പ്രസിധീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീല്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ സംസാരിച്ചത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ്, വിദ്യാഭ്യാസ മന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എ.മണിറാം എന്നിവരും പങ്കെടുത്തു.
കേന്ദ്ര മനുഷ്യവിഭവ വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര മനുഷ്യ വിഭവ വികസന സഹമന്ത്രി സഞ്ജയ് ധോത്രെ, കേന്ദ്ര സ്‌പോര്‍ട്‌സ്-യുവജനക്ഷേമ സഹ മന്ത്രി കിരണ്‍ റിജ്ജു, കേന്ദ്ര സാസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹ മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."