എട്ടില്‍ തീര്‍ത്ത് സിറ്റി
മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ നോര്‍വിച്ചിനോട് അട്ടിമറി നേരിട്ടതിന്റെ പേരില്‍ പഴികേട്ട മാഞ്ചസ്റ്റര്‍ സിറ്റി ക്ഷീണം തീര്‍ത്തത് ഗോള്‍മഴ പെയ്യിച്ച്. ഇത്തവണ സിറ്റിയുടെ ആരാധകര്‍ക്ക് മുന്നില്‍ ബലിയാടാകേണ്ടി വന്നത് പാവം വാറ്റ്‌ഫോര്‍ഡിന്. അവരെ എതിരില്ലാത്ത എട്ടുഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചുണക്കുട്ടികള്‍ തകര്‍ത്തുവിട്ടത്. പ്രീമിയര്‍ ലീഗിന്റെ ഊര്‍ജസ്രോതസായ സിറ്റിക്ക് കോട്ടം തട്ടിയിട്ടില്ലെന്ന താക്കീതാണ് സ്വന്തം ആരാധകര്‍ക്ക് നല്‍കിയത്.
സിറ്റിക്കായി പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബെര്‍ണാഡോ സില്‍വ ഹാട്രിക് ഗോളുമായി കളംനിറഞ്ഞു കളിച്ചപ്പോള്‍ ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യുറോ, റിയാദ് മെഹ്‌റസ്, നിക്കോളാസ് ഒറ്റമെന്‍ഡി, കെവിന്‍ ഡി ബ്രുയിന്‍ എന്നിവരും ലക്ഷ്യം കണ്ടു. ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുള്ള സിറ്റി, അഞ്ച് മത്സരം മാത്രം കളിച്ച ലിവര്‍പൂളിനേക്കാള്‍ രണ്ട് പോയിന്റ് പിന്നിലാണിപ്പോള്‍.
മത്സരത്തില്‍ ആദ്യത്തെ 18 മിനുട്ടുകള്‍ക്കുള്ളിലാണ് സിറ്റിയുടെ അഞ്ച് ഗോളും വീണത്. ഇതോടെ 10ല്‍ കൂടുതല്‍ ഗോളുകളുടെ മാര്‍ജിനില്‍ ടീം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനം പ്രതിരോധത്തിലാഴ്ന്ന് കളിച്ച വാറ്റ്‌ഫോര്‍ഡ് കൂടുതല്‍ ഗോള്‍ അടിക്കാന്‍ സമ്മതിച്ചില്ല.
മത്സരത്തിന്റെ ഒന്നാം മിനുട്ടില്‍ ഡേവിഡ് സില്‍വയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഏഴാം മിനുട്ടില്‍ സിറ്റിക്കായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി അഗ്യുറോ ലീഡ് ഉയര്‍ത്തി. 12ാം മിനുട്ടില്‍ മെഹ്‌റസ്, 15ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വ, 18ാം മിനുട്ടില്‍ ഒറ്റമെന്‍ഡി എന്നിവരുടെ ഗോളാണ് സിറ്റിയെ വാഴ്ത്തിയത്. തുടര്‍ന്ന് സമ്മര്‍ദമേതുമില്ലാതെ കളിച്ച സിറ്റിക്കായി രണ്ടാം പകുതിയിലെ 48, 60 മിനുട്ടുകളില്‍ ഗോള്‍ നേടിയാണ് പോര്‍ച്ചുഗല്‍ താരം ഹാട്രിക് തികച്ചത്. 85ാം മിനുട്ടിലായിരുന്നു ഡി ബ്രുയിന്റെ ഗോള്‍ നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."