അലഞ്ഞുതിരിയുന്ന നായ്ക്കളും നാല്‍ക്കാലികളും; നടപടിയില്ലാതെ ഭരണകൂടം
പാലക്കാട്: കാലങ്ങളായി കന്നുകാലികളും നായ്ക്കളും വിഹരിക്കുന്ന പാലക്കാട് നഗരത്തില്‍ വാഹനയാത്രയും കാല്‍നടയാത്രയും പേടിസ്വപ്നമാകുന്നു. കുറുകെ ചാടുന്ന നായ്ക്കളും നഗരത്തില്‍ മേയുന്ന പശുക്കളും കാരണം നിരവധി അപകടങ്ങളുണ്ടായി.
നഗരത്തില്‍ അലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാനും നായശല്യം ഇല്ലാതാക്കാനും പ്രത്യേക നഗരസഭായോഗം വിളിച്ച് തീരുമാനമെടുത്തെങ്കിലും അവ കടലാസില്‍ ഒതുങ്ങി. നഗരസഭയുടെ ആലയില്‍ പേരിനുവേണ്ടി കന്നുകാലികളെ പിടിച്ചുകെട്ടുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തെരുവുനായ്ക്കളുടെ ശല്യത്തില്‍ പ്രതിഷേധിച്ച് നായ്ക്കളുമായി കൗണ്‍സില്‍ ഹാളില്‍ എത്തിയവര്‍ ഭരണത്തിലെത്തിയപ്പോള്‍ എല്ലാംമറന്നു.
ആറുമാസത്തിനിടെ കന്നുകാലികളും നായ്ക്കളും മൂലം നഗരത്തില്‍ ആറുപേരാണ് മരിച്ചത്. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. നായ കുറുകെ ചാടി കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തില്‍ കഴിഞ്ഞ മാസം ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കഴിഞ്ഞ മാസം തിരുനെല്ലായ-മെഴ്‌സി കോളജ് റോഡില്‍ നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറും ആറ് സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ പത്തുപേര്‍ക്ക് പരുക്കേറ്റു.
വള്ളിക്കോട് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ഇപ്പോഴും തൃശൂരില്‍ ചികിത്സയിലാണ്. കൂടാതെ ഇവയുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ഇതിനും പുറമെയാണ്. തെരുവുനായ്ക്കളും പശുക്കളും കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങളില്‍ പെടുന്നതിലധികവും ബൈക്ക് യാത്രക്കാരാണ്. പകല്‍ മുഴുവന്‍ നഗരത്തില്‍ മേയുന്ന പശുക്കള്‍ രാത്രിയോടെ വീടുകളിലെത്തും. നായ്ക്കളുടെ ശല്യം രൂക്ഷമാവുന്നത് വൈകിട്ടു മുതലാണ്.
രാത്രിയില്‍ ഹോട്ടലുകളില്‍നിന്നു മറ്റും വ്യാപകമായി മാലിന്യം തുറസായ സ്ഥലങ്ങളില്‍ തള്ളുന്നതാണ് പ്രധാന പ്രശ്‌നം. മാലിന്യം നീക്കുന്നതില്‍ നഗരസഭയുടെ ഭാഗത്തുണ്ടായ ഗുരുതരവീഴ്ചയാണ് തെരുവുനായ്ക്കളുടെ ശല്യത്തിന് പ്രധാന കാരണം. നായ്ക്കള്‍ മാത്രമല്ല തെരുവുപന്നികളും കന്നുകാലികളും ഈ മാലിന്യം തിന്നാനെത്തുന്നു.
കൊടുമ്പ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലെ പ്രശ്‌നത്തിന് ഇനിയും പരിഹാരമായിട്ടില്ല. ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും നഗര ഭരണക്കാരുടെ മെല്ലെപ്പോക്ക് നയമാണ് പരിഹാരം അകലെയാക്കുന്നത്.
മാലിന്യം ശേഖരിക്കാന്‍ എല്ലാ വാര്‍ഡിലും സംഭരണകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന നഗരസഭയുടെ പ്രഖ്യാപനം പാഴായി. 52 വാര്‍ഡുകളില്‍ 20ല്‍ താഴെ വാര്‍ഡുകളില്‍ മാത്രമേ മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ തുറന്നിട്ടുള്ളൂ.
മേഴ്‌സി കോളജിനു സമീപം തിരുനെല്ലായിലും സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തും മാലിന്യക്കൂമ്പാരങ്ങളുണ്ട്. ശേഖരിക്കുന്ന മാലിന്യം പൊതുസ്ഥലത്ത് കത്തിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരേ വന്‍ പ്രതിഷേധമുയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."