അസമിലെ വ്യാജ ഏറ്റുമുട്ടല്‍ പുറത്തുകൊണ്ടുവന്ന സി.ആര്‍.പി.എഫ് ഐ.ജിക്ക് സ്ഥലംമാറ്റം
ന്യൂഡല്‍ഹി: അസമില്‍ സൈന്യം രണ്ടുപേരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത് നാടകമായിരുന്നുവെന്ന് വ്യക്തമാക്കി സൈനികമേധാവിക്കു കത്തെഴുതിയ സി.ആര്‍.പി.എഫിലെ ഐ.ജി രജനീഷ് റായിയെ സ്ഥലം മാറ്റി.
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് സി.ആര്‍.പി.എഫിനു കീഴിലുള്ള ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്‍ഡ് ആന്റി ടെററിസം (സിയാറ്റ്) സ്‌കൂളിലേക്കാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. നിലവില്‍ ഡെപ്യൂട്ടേഷനിലുള്ള ഗുവാഹത്തി ഡി.ഐ.ജി പ്രകാശിനോട് തിങ്കളാഴ്ച അസം തലസ്ഥാനത്ത് എത്താന്‍ സി.ആര്‍.പി.എഫ് ആസ്ഥാനത്തു നിന്നു അറിയിപ്പുണ്ടായിരുന്നു.
പ്രകാശ് ഗുവാഹത്തിയില്‍ എത്തിയതിനു പിന്നാലെ രജനീഷ് റായിക്ക് സ്ഥലംമാറ്റ ഉത്തരവും ലഭിച്ചു. സ്ഥലംമാറ്റ അറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ച രജനീഷ്, കൂടുതല്‍ പ്രതികരണങ്ങള്‍ നല്‍കാന്‍ തയാറായില്ല.
ബോഡോ കലാപകാരികളായ ലുകാസ് നര്‍സാരി എന്ന എന്‍ ലാങ്ഫ, ഡേവിഡ് അയലറി എന്ന ദായൂദ് എന്നിവരെ വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സൈന്യത്തിന്റെയും പൊലിസിന്റെയും നടപടികളെ കുറിച്ച് സ്വന്തംനിലയ്ക്ക് 13 പേജ് വരുന്ന റിപ്പോര്‍ട്ട് തയാറാക്കിയാണ് രജനീഷ് റായ് സൈനിക മേധാവിക്ക് അയച്ചത്.
സൈനികമേധാവിയെക്കൂടാതെ സി.ആര്‍.പി.എഫ്, സശസ്ത്ര സീമാബല്‍, അസം പൊലിസ്, സംസ്ഥാന ചീഫ്‌സെക്രട്ടറി എന്നിവര്‍ക്കും രജനീഷ് കത്തയച്ചിരുന്നു. മേഖലയിലെ ഒരുവീട്ടില്‍ നിന്നു പിടികൂടിയ ഇവരെ സിലിഗുരിയില്‍വച്ച് കൊലപ്പെടുത്തിയ ശേഷം അതു ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നു.
ഇവരുടെ മൃതദേഹങ്ങളില്‍ ചൈനീസ് നിര്‍മിത തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സൈന്യം വച്ചതായും കത്തില്‍ സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."