സ്വന്തമായി ഭൂമിയില്ലാത്ത ഗോപകുമാര്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നു
കാട്ടാക്കട: മരപ്പണിക്കാരനെ അധികൃതര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി മുദ്രകുത്തി. എ.പി.എല്‍ റേഷന്‍ കാര്‍ഡ് നല്‍കിയതോടെ ഇയാള്‍ സമ്പന്നരുടെ പട്ടികയിലുമായി. പിഴവ് ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്തില്ലെന്ന പിടിവാശിയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍.
വിളപ്പില്‍ശാല എള്ളുവിള ഗീതാഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോപകുമാറിനെ (55)യാണ് ഭക്ഷ്യവകുപ്പ് എ.പി.എല്‍ കാര്‍ഡ് നല്‍കി സമ്പന്നരുടെ പട്ടികയിലേക്കുയര്‍ത്തിയത്. സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്തയാളാണ് ഗോപകുമാര്‍. ഗോപകുമാറും ഭാര്യ സുരജയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി വാടക വീടുകളില്‍ മാറിമാറി താമസിക്കുന്നവരാണ്. മൂത്ത മകള്‍ ദര്‍ശന ജന്മനാ വികലാംഗയാണ്. ഇളയവള്‍ വന്ദന ബി.ബി.എ വിദ്യാര്‍ഥിനി. കുടുംബത്തില്‍ ആര്‍ക്കും ഇന്നേവരെ സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ലെന്ന് ഗോപകുമാര്‍ പറയുന്നു.
ഇവരുടേത് ബി.പി.എല്‍ റേഷന്‍ കാര്‍ഡായിരുന്നു. ഇതില്‍ ഗോപകുമാറിന് കൂലിവേല എന്ന് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പുതുക്കിയപ്പോള്‍ കിട്ടിയത് വെള്ളക്കാര്‍ഡ്. ഗോപകുമാറിന്റെ ജോലിയുടെ കോളത്തില്‍ 'സര്‍വിസ് പെന്‍ഷനര്‍' എന്നാക്കി മാറ്റി. ഇതിനെതിരേ പരാതിയുമായി കലക്ടര്‍ ഉള്‍പ്പടെയുള്ളവരെ ഗോപകുമാര്‍ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫിസില്‍ വീണ്ടും പരാതിയുമായി ഗോപകുമാര്‍ എത്തി.
താന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്, കാര്‍ഡ് തിരുത്തിത്തരില്ലെന്ന് സപ്ലൈ ഓഫിസര്‍ നിലപാടെടുത്തു. ഇതോടെ പ്രതീക്ഷകള്‍ തകര്‍ന്ന അവസ്ഥയിലാണ് ഈ കുടുംബം. നിഷ്പക്ഷമായി നീതി നടപ്പാക്കാന്‍ നിയമിച്ചിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ വച്ചു നീട്ടിയ ഈ കാര്‍ഡും കൈയില്‍പ്പിടിച്ചു ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് ഗോപകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."