മുതലപ്പൊഴി ഹാര്‍ബര്‍ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു
കഴക്കൂട്ടം: പരസ്യ മദ്യപാനവും ചൂതാട്ടവും വ്യാപകമായ പെരുമാതുറ മുതലപ്പൊഴിഹാര്‍ബര്‍ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്. ഇവര്‍ക്ക് നേരേയും മദ്യപസംഘത്തിന്റെ കടന്ന് കയറ്റം വ്യാപകമാണ്. മുതലപ്പൊഴിതീരത്തും ഹാര്‍ബര്‍ ലേലപ്പുരയിലുമാണ് വ്യാപകമായി ചൂതാട്ടം നടക്കുന്നത്. ഇതിനോടൊപ്പം തന്നെ മദ്യസല്‍ക്കാരവുമുണ്ട്. ലക്ഷങ്ങള്‍ വെച്ചാണ് ചൂതാട്ടം. ജില്ലക്ക് പുറത്ത് നിന്ന് പോലും ചീട്ട്കളി സംഘങ്ങള്‍ ഇവിടെ എത്തുന്നുണ്ട്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നത് സ്ഥലവാസികളായ ചിലരാണ്. ഇവര്‍ക്കെതിരേ ശബ്ദിച്ചാല്‍ സംഘംചേര്‍ന്ന് ഭീഷണിയും ആക്രമണവുമുണ്ടാകും.
അവധി ദിവസങ്ങളില്‍ രാവിലെ മുതലേ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. ഈ സമയത്തൊക്കെ പ്രദേശവാസികളായ സാമുഹ്യ വിരുദ്ധര്‍ പരസ്യമായി മദ്യപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് കണ്ട് ഇവിടം സന്ദര്‍ശിക്കാനെത്തുന്ന ചില സംഘങ്ങളും പരസ്യ മദ്യപാനം നടത്തുന്ന അവസ്ഥയായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് കോസ്റ്റല്‍ പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇതൊന്നും അവരുടെ കണ്ണില്‍ പെടാറില്ല. മുതലപ്പൊഴി ഹാര്‍ബര്‍ പാലത്തിന്റെ താഴംപള്ളി പ്രദേശം അഞ്ച് തെങ്ങ് പൊലിസിന്റെയും പെരുമാതുറ പ്രദേശം കഠിനംകുളം പൊലിസിന്റെയും പരിധിയാണ്. രണ്ട് പൊലിസും ഇതൊന്നും ശ്രദ്ധിക്കാറില്ലന്ന് പരക്കേ ആക്ഷേപമുണ്ട്. പാലം ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് മാസം കഴിഞ്ഞതോടെ തീരത്ത് പൊലിസിന്റെ ശ്രദ്ധ തീരെ ഇല്ലാതായി. എന്തെങ്കിലും സംഭവമുണ്ടായി പൊലിസിനെ വിളിച്ചാല്‍ സംഭവസ്ഥലത്തേക്ക് എത്തണമെങ്കില്‍ തന്നെ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തീരത്തേ ഒരു വീട്ടില്‍ നിന്നും ചീട്ട് കളി സംഘത്തെ പിടികൂടുകയും ലക്ഷങ്ങള്‍ ഇവിടെ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."