ഫ്‌ളാറ്റ് പൊളിച്ചാല്‍ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ട്
സ്വന്തം ലേഖിക
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട്. ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുമ്പോള്‍ തൊട്ടടുത്ത് കിടക്കുന്ന കായലുകളിലേക്ക് അവശിഷ്ടങ്ങള്‍ പതിക്കരുതെന്ന മുന്നറിയിപ്പും ഐ.ഐ.ടി നല്‍കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തോടൊപ്പം ഐ.ഐ.ടി നല്‍കിയ പഠന റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. 65 പേജുള്ള വിശദമായ പഠന റിപ്പോര്‍ട്ടില്‍ ചില നിര്‍ദേശങ്ങളും ഐ.ഐ.ടി നല്‍കിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും പാലങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശമായതിനാല്‍ പൊളിച്ചുമാറ്റല്‍ കരുതലോടെയായിരിക്കണം.
ടണ്‍കണക്കിന് വരുന്ന അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ ഇടംകണ്ടെത്തണം. കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഒരു ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊളിച്ചുമാറ്റാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ വിസ്തൃതി ഒരുലക്ഷം സ്‌ക്വയര്‍ ഫീറ്റ് വരുമെന്നാണ് കണക്കാക്കുന്നത്. 450 കിലോ കോണ്‍ക്രീറ്റ് മാലിന്യമാണ് ഒരു സ്‌ക്വയര്‍ മീറ്ററില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നിയന്ത്രിത സ്‌ഫോടനങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഭൂമിക്കടിയിലേക്ക് ആഴത്തില്‍ പോയിരിക്കുന്ന ഫില്ലറുകള്‍ ഒരു കിലോമീറ്ററിലധികം പ്രദേശത്ത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റിയാല്‍ നിലം അടിയന്തരമായി പൂര്‍വസ്ഥിതിയിലാക്കണം. ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ അടിത്തറയില്‍ നിന്ന് രണ്ടുമീറ്റര്‍ വരെ ആഴത്തില്‍ മണ്ണ് എടുത്തുമാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുമ്പോള്‍ മാലിന്യസംസ്‌കരണത്തിന് പദ്ധതി നടപ്പാക്കണം.
തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിങ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ സുപ്രിംകോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചെന്നൈ ഐ.ഐ.ടിയോട് ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."