national 7മധ്യപ്രദേശില്‍ പ്രതിഷേധം ശക്തം; ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി
ഭോപാല്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച രമേശ് ബിസന്‍(42) എന്ന കര്‍ഷകനാണ് ആശുപത്രിയില്‍ മരിച്ചത്. നേരത്തെ, മൂന്നു കര്‍ഷകര്‍ വിവിധ ജില്ലകളിലായി ചൊവ്വാഴ്ച ജീവനൊടുക്കിയിരുന്നു. അതിനിടെ, ദേവാസ് കലക്ടറേറ്റിനകത്ത് പതം സിങ് എന്ന കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ബലഘട്ടിലും കടക്കെണിയില്‍പെട്ട കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.
രമേശ് ബിസനിന് 25,000 രൂപയുടെ വായ്പാ ബാധ്യതയുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. ഇയാള്‍ മദ്യത്തിനടിമയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ മാസം ആറിന് മന്ദ്‌സോറില്‍ പൊലിസ് വെടിവയ്പ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടതിനുശേഷം ഇത് ആറാമത്തെ കര്‍ഷക ആത്മഹത്യയാണ് മധ്യപ്രദേശില്‍ നടക്കുന്നത്.
അതിനിടെ, മന്ദ്‌സോറില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട ഘനശ്യാം ധക്കടിന്റെ വീട്ടിലെത്തി കുടുംബത്തിന് ഒരു കോടി രൂപ കൈമാറി. നേരത്തെ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായധനം പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ളവരുടെ കുടുംബങ്ങള്‍ക്ക് മന്ദ്‌സോര്‍ കലക്ടര്‍ തുക കൈമാറും. ധക്കടിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
കാല്ലപ്പെട്ട മറ്റൊരു കര്‍ഷകന്‍ സത്യനാരായണിന്റെ കുടുംബത്തിലെ ഒരംഗത്തിന് ചൗഹാന്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു. ഇവരുടെ പണയത്തിലുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് തിരിച്ചുനല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പുനല്‍കി.
നേരത്തെ ഉപവാസം നടത്തി സമരം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചൗഹാന്‍ കര്‍ഷകകുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയത്. സംഭവത്തിന് ശേഷം സംസ്ഥാന വനിത-ശിശു ക്ഷേമ മന്ത്രി അര്‍ച്ചന ചിറ്റ്‌നിസ് ഒഴികെയുള്ള മന്ത്രിമാരോ ചീഫ് സെക്രട്ടറി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരോ മന്ദ്‌സോര്‍ സന്ദര്‍ശിച്ചിരുന്നില്ല.
കര്‍ഷക പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂര്‍ സത്യഗ്രഹം ആരംഭിച്ചു. ഇന്‍ഡോര്‍-ഭോപാല്‍ ദേശീയപാതയില്‍ വന്ദേമാതരം ആലപിച്ചാണ് സമരത്തിന് തുടക്കമിട്ടത്. കര്‍ഷകരില്ലാത്ത ഇന്ത്യയാണ് മോദി-ചൗഹാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സിന്ധ്യ ആരോപിച്ചു. നേരത്തെ മന്ദ്‌സോര്‍ സന്ദര്‍ശിക്കാനെത്തിയ സിന്ധ്യയെ പൊലിസ് തടഞ്ഞിരുന്നു. കര്‍ഷക മരണത്തില്‍ പ്രതിഷേധിച്ച് ദേശീയപാത സ്തംഭിപ്പിച്ച നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."