ഉപതെരഞ്ഞെടുപ്പ്: യെദ്യൂരപ്പ സര്‍ക്കാരിനും വിമത എം.എല്‍.എമാര്‍ക്കും തിരിച്ചടി
ബംഗളൂരു: കര്‍ണാടക മുന്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 15 വിമത എം.എല്‍.എമാര്‍ക്കും യെദ്യൂരപ്പ സര്‍ക്കാരിനും തിരിച്ചടിയായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം.
കര്‍ണാടക നിയമസഭ മുന്‍ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയ നടപടിക്കെതിരെ വിമത എം.എല്‍.എമാര്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും കേസ് വിചാരണയ്ക്ക് എടുത്തിട്ടില്ല.
മാത്രമല്ല ജസ്റ്റിസ് എം.എം ശാന്തന ഗൗഡര്‍ താന്‍ കര്‍ണാടക സ്വദേശിയാണെന്നും കേസ് കേള്‍ക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കേസ് കേള്‍ക്കുന്നതില്‍നിന്നു സ്വയം പിന്മാറുകയും ചെയ്തു.ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ അനുകൂലമായ വിധി പ്രതീക്ഷിച്ചായിരുന്നു വിമത എം.എല്‍.എമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
അയോഗ്യത നിലനില്‍ക്കുന്നതിനാല്‍ നിലവിലെ അവസ്ഥയില്‍ വിമത എം.എല്‍.എമാര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനമായ ഒക്‌ടോബര്‍ നാലിനു മുന്‍പ് അനുകൂല വിധി സുപ്രിം കോടതിയില്‍ നിന്നുണ്ടായാല്‍ മാത്രമേ മത്സരിക്കാനുളള സാധ്യതയുള്ളൂ.
17 വിമത എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ 15ല്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മുനീരത്‌നയുടെ സീറ്റായ ആര്‍.ആര്‍ നഗര്‍, പ്രതാപ് ഗൗഡ പാട്ടീലിന്റെ സീറ്റായ മാസ്‌കി എന്നീ രണ്ടു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ ജെ.ഡി.എസ്, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച 17 എം.എല്‍.എമാരാണ് രാജിവച്ചത്.
ഉപതെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടക നിയമസഭയുടെ കരുത്ത് 222 ആയിരിക്കും. സ്വതന്ത്ര എം.എല്‍.എ എച്ച്.നാഗേഷ് ഉള്‍പ്പെടെ 106 എം.എല്‍.എമാരുടെ പിന്തുണയാണ് ബി.ജെ.പിക്ക് ഇപ്പോഴുളളത്.
15 സീറ്റുകളില്‍ ആറു സീറ്റുകളെങ്കിലും നേടിയാല്‍ മാത്രമേ അധികാരത്തില്‍ തുടരാന്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."