കരുനാഗപ്പള്ളിയില്‍ വാഹനാപകടം നിത്യസംഭവം; ട്രാഫിക് പൊലിസ് സ്റ്റേഷന്‍ കടലാസിലൊതുങ്ങുന്നു
കരുനാഗപ്പള്ളി: ട്രാഫിക് പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം കടലാസില്‍ മാത്രം ഒതുങ്ങിയ നിലയില്‍. താലൂക്കിലെ വാഹനാപകടത്തിനും ഗതാഗതക്കുരുക്കിനും അടിയന്തര പരിഹാരം കാണുന്നതിന്റെ ഭാഗമായി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കരുനാഗപ്പള്ളിയില്‍ ട്രാഫിക് പൊലിസ് സ്റ്റേഷന്‍ അനുവദിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റേഷന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണുള്ളത്.
താലൂക്കിലെ ട്രാഫിക് സിഗ്നലുകള്‍ മിക്കതും തകരാറിലാണ്. താലൂക്ക് വികസന സമിതി യോഗത്തില്‍ ഗതാഗതക്കുരുക്കിനു പരിഹാരം കാണുമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചതാണു നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ കാരണമായത്. ലാലാജി ജങ്ഷനിലെ സിഗ്നല്‍ മിക്ക ദിവസങ്ങളിലും പ്രവര്‍ത്തിക്കാറില്ല. ഇവിടെ ഹൈവേയില്‍നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കും കിഴക്ക് ഭാഗത്തേക്കും പോകുന്ന വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെട്ട് മരണപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം വവ്വാക്കാവിന് സമീപം ഹൈവേയില്‍നിന്ന് എതിര്‍വശത്തെ റോഡിലേക്ക് ബൈക്കില്‍ തിരിയുമ്പോഴായിരുന്നു ഒരാള്‍ മരണപ്പെട്ടത്. നഗരസഭാ പരിധിയിലുള്ള പൊലിസ് സ്റ്റേഷനില്‍ ആംബുലന്‍സ് സേവനവുമില്ല. അമിതവേഗത്തില്‍ അപകടകരമാംവിധം ബൈക്കില്‍ കറങ്ങുന്ന ഫ്രീക്കന്മാരെ പിടികൂടാന്‍ പൊലിസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഓച്ചിറക്കും കന്നേറ്റിക്കും ഇടയില്‍ എല്ലാ ദിവസങ്ങളിലും അപകടങ്ങള്‍ നിത്യസംഭവമാണ്. ദേശീയപാത പുലിയന്‍കുളങ്ങരയ്ക്കും പുത്തന്‍ തിരുവിനുമിടയിലായി വൈകിട്ട് മൂന്നിനുശേഷം ബൈക്കപകടങ്ങളും മരണങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ട്രാഫിക് പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ച് ട്രാഫിക് പട്രോളിങ് ശക്തമാക്കി അപകടം കുറയ്ക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് താലൂക്ക് നിവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."