ഒറ്റപ്പാലം നഗരസഭയ്ക്ക് പുതിയ ഓഫിസ്
ഒറ്റപ്പാലം: നഗരസഭയുടെ പുതിയ ഓഫിസ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാവുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസത്തോടെ നടക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ ഒറ്റപ്പാലം നഗരസഭയുടെ അസൗകര്യങ്ങള്‍ക്ക് ഏറെ പരിഹാരവുമാവും. മൂന്ന് വര്‍ഷം മുന്‍പാണ് പുതിയ കെട്ടിടനിര്‍മാണം തുടങ്ങിയത്. ഒറ്റപ്പാലം ഗ്രാമപഞ്ചായത്തായിരുന്ന കാലത്തുണ്ടായ പഴയ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ലോകബാങ്ക് മുഖാന്തരം അനുവദിച്ച ഫണ്ടും നഗരസഭയുടെ പ്ലാന്‍ ഫണ്ടും ചേര്‍ത്ത് 1.20 കോടി രൂപയോളം വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
സൗകര്യങ്ങള്‍ കുറഞ്ഞ ചെറിയ മുറികളിലാണ് നിലവിലെ കെട്ടിടത്തില്‍ വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയുടെ സാംസ്കാരികനിലയത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ്, ആരോഗ്യവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം കെട്ടിടം നിര്‍മാണം പൂര്‍ത്തിയായാല്‍ പുതിയ കെട്ടിടത്തിലേക്കാവും. എന്നാല്‍ ജനറല്‍ വിഭാഗം പഴയ കെട്ടിടത്തില്‍ തന്നെ തുടരും.
മൂന്ന് നിലയുള്ള കെട്ടിടത്തില്‍ റെക്കോര്‍ഡ് മുറികളും, ഹാളുമുണ്ടാകും. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന പൊതുജനങ്ങളും, ഉദ്യോഗസ്ഥരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഏവരും . കെട്ടിടത്തിന്റെ പെയിന്റിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതൊടെ അടുത്തമാസം ഉദ്ഘാടനം നടത്താനാകുമെന്നും നഗരസഭാ ചെയര്മാന് എന്‍.എം നാരായണന് നമ്പൂതിരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."