കേള്‍ക്കാമോ? ചെവിയുടെ കാര്യമാണ്
സെപ്റ്റംബര്‍ മാസം അവസാനിക്കാറായിരിക്കുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് ലോക ബധിര ദിനം. കേള്‍വിശക്തി നഷ്ടമാകുന്ന അവസ്ഥയാണ് ബധിരത. ബധിരത ഒരു വ്യക്തിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ബാധിരതയെ എങ്ങനെ മറികടക്കാന്‍ സാധിക്കും എന്നൊക്കെയുള്ള ചര്‍ച്ചകളും അനുബന്ധ പ്രവര്‍ത്തങ്ങളുമാണ് ബധിരതാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ബധിരതയെക്കുറിച്ചു പറയുമ്പോള്‍ ചെവികളെ കുറിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കാം. മനുഷ്യന്റെ ചെവി രണ്ടു കാര്യങ്ങളാണ് നിര്‍വഹിക്കുന്നത്. ഒന്ന് കേള്‍വി. മറ്റൊന്ന് ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുക എന്നുള്ളതാണ്.
ചെവിക്ക് അകത്തും പുറത്തും എന്തൊക്കെയാണ് ഉള്ളത് എന്നുനോക്കാം. മനുഷ്യ കര്‍ണ്ണത്തെ, നമ്മുടെ ചെവിയെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബാഹ്യ കര്‍ണ്ണം, മധ്യ കര്‍ണ്ണം, ആന്തര കര്‍ണ്ണം എന്നിവയാണ്. ചെവിക്കുട, കര്‍ണ്ണനാളം, കര്‍ണ്ണപടം എന്നിവയാണ് ബാഹ്യകര്‍ണ്ണത്തില്‍ വരുന്ന ഭാഗങ്ങള്‍. ചെവിക്കുട കര്‍ണ്ണനാളത്തിലേക്ക് കേന്ദ്രീകരിക്കുന്ന ശബ്ദവീചികള്‍ കര്‍ണ്ണപടത്തില്‍ തട്ടി കമ്പനം കൊള്ളുന്നത് വഴിയാണ് കേള്‍വി സാധ്യമാകുന്നത്. ഈ കമ്പനം മധ്യകര്‍ണ്ണത്തിലെ മൂന്നു കുഞ്ഞന്‍ എല്ലുകള്‍ വഴി ആന്തര കര്‍ണ്ണത്തില്‍ എത്തിച്ചേരുന്നു. മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ് എന്നിവയാണ് ആ മൂന്നു ചെറിയ അസ്ഥികള്‍. അര്‍ധവൃത്താകാരത്തിലുള്ള മൂന്നു കുഴലുകള്‍, വെസ്റ്റിബിയൂള്‍ കോക്ലിയ എന്നീ ഭാഗങ്ങള്‍ ചേര്‍ന്നതാണ് ആന്തര കര്‍ണ്ണം. ഇതില്‍ അര്‍ധവൃത്താകാര കുഴലുകളും, വെസ്റ്റിബിയൂള്‍ എന്ന ഭാഗവും ചേര്‍ന്നാണ് ശരീരത്തിന്റെ തുലനാവസ്ഥയെ സഹായിക്കുന്നത്. അര്‍ധവൃത്താകാര കുഴലുകളില്‍ നിറഞ്ഞിരിക്കുന്ന ദ്രവം, രോമകൂപങ്ങള്‍, അവയുടെ അഗ്രഭാഗത്തായുള്ള കാല്‍ഷ്യം കാര്‍ബണേറ്റ് തരികള്‍ എന്നിവയൊക്കെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നു. മൂന്ന് അസ്ഥികള്‍ കടന്നെത്തിയ ശബ്ദ തരംഗങ്ങളാവട്ടെ കോക്ലിയയിലെ പെരിലിംഫ് എന്‍ഡോലിംഫ് എന്നീ ദ്രവങ്ങളില്‍ കമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് ശ്രവണനാഡി വഴി തലച്ചോറിലെത്തുകയും കേള്‍വി സാധ്യമാവുകയും ചെയ്യുന്നു.
ചെവിക്കകത്തെ അണുബാധ, ബധിരത എന്നിവയാണ് ചെവിയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. ജലദോഷം, മലിനജലത്തില്‍ കുളിക്കുന്നത്, നീന്തുന്നത് എന്നിവയൊക്കെ ചെവിക്കകത്ത് അനുബാധയ്ക്ക് കാരണമാകുന്നു. വാര്‍ധക്യം, ചെവിക്കേല്‍ക്കുന്ന ആഘാതങ്ങള്‍, ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് എന്നിവയൊക്കെ ബധിരതയ്ക്ക് കാരണമാകുന്നു.
ചെവിയിലെ അണുബാധയ്ക്ക് വൈദ്യസഹായം തേടുക, ശബ്ദമലിനീകരണം ഒഴിവാക്കുക, ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ശ്രവണവൈകല്യങ്ങള്‍ എത്രയും നേരത്തെ കണ്ടുപിടിക്കണം. ശ്രവണ സഹായികള്‍, കോക്ലിയാര്‍ ഇമ്പ്‌ളാന്റേഷന്‍ സര്‍ജറികള്‍ എന്നിങ്ങനെ ബധിരതയില്‍ നിന്നു പുറത്തുകടക്കാനുള്ള വഴികള്‍ പലതുണ്ട്. ഇത്തരം പദ്ധതികള്‍ പലതും സൗജന്യമായി ലഭിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."