ഊരും പേരും നഷ്ടപ്പെട്ട് ട്രംപും പുടിനും അസദും; ലോക നേതാക്കളെ 'അഭയാര്‍ഥികളാക്കി' സിറിയന്‍ കലാകാരന്‍
ദമസ്‌കസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഊരും പേരും നഷ്ടപ്പെട്ട് കൈകുഞ്ഞിനെയും തോളിലേറ്റി വിഷണ്ണനായി നാടുചുറ്റുന്ന ചിത്രം ഊഹിക്കാനാകുന്നുണ്ടോ? റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമെല്ലാം കിടപ്പാടം നഷ്ടപ്പെട്ട് നിലയില്ലാതെ അലയുന്നത് കാണാന്‍ എങ്ങനെയുണ്ടാകും? നിരന്തരം മിസൈല്‍ പരീക്ഷണം നടത്തി അമേരിക്കക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ഉ.കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍നിലത്ത് ചവിട്ടാന്‍ ചെരിപ്പില്ലാതെ മുഷിഞ്ഞ വസ്ത്രത്തില്‍ അലഞ്ഞുനടക്കുന്നു.
ഇങ്ങനെയൊരു ലോകചിത്രം ആരും ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. എന്നാല്‍, ഇവിടെയിതാ ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയില്‍ നിന്നൊരു കലാകാരന്‍ അതെല്ലാം സ്വന്തം കരവിരുതില്‍ വരച്ചതാണിത്. ലോകത്തിനു മുന്‍പില്‍ ചോദ്യചിഹ്നമായി മാറിയ ഐലാന്‍ കുര്‍ദിയുടെ നടുക്കുന്ന ചിത്രത്തിനുശേഷം ലോകം വീണ്ടും താനടക്കമുള്ള അഭയാര്‍ഥികളെ വീണ്ടും വിസ്മൃതിയിലേക്ക് തള്ളിയപ്പോള്‍ അബ്ദുല്ല ഉമരിയെന്ന സിറിയന്‍ പൗരന് പ്രതികരിക്കാനുണ്ടായിരുന്നത് തീക്ഷ്ണത കലര്‍ന്ന ഭാവനകളിലൂടെയായിരുന്നു. ആ ഭാവനകള്‍ നിറമിട്ടത് ചിത്രങ്ങളിലൂടെയും.
നിലവില്‍ ജീവിച്ചിരിപ്പുള്ള മിക്ക നേതാക്കളും അബ്ദുല്ലയുടെ ചിത്രത്തിന് പാത്രമായിട്ടുണ്ട്. നേരത്തെ പറഞ്ഞവര്‍ക്കു പുറമെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍, മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാരായ ഫ്രാന്‍സ്വെ ഹൊലാന്ദെ, നിക്കോളാസ് സാര്‍ക്കോസി മുതല്‍ തുടങ്ങുന്ന ആ ചിത്രപരമ്പരയില്‍ നിന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദ് നജാദ് തുടങ്ങി മുസ്‌ലിം ലോകത്തെ നേതൃത്വവും അഭയാര്‍ഥികളുടെ ദൈന്യമുഖത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
'ദ വള്‍നറബിലിറ്റി സീരീസ് ' എന്ന പേരില്‍ യു.എ.ഇയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തിലാണ് അഭയാര്‍ഥി പ്രശ്‌നങ്ങളോടുള്ള ലോകനേതാക്കളുടെ അന്ധതക്ക് അബ്ദുല്ല ഉമരി തക്ക ശിക്ഷ നല്‍കിയിരിക്കുന്നത്. നിലവില്‍ ബെല്‍ജിയത്തില്‍ അഭയാര്‍ഥി പദവി ലഭിച്ചിട്ടുണ്ട് അബ്ദുല്ലയ്ക്ക്. പ്രദര്‍ശനം ജൂലൈ ആറു വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."